വെബ്‌ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 3 ഫെബ്രുവരി 2020 (15:40 IST)
ഉത്തർപ്രദേശിലെ പിലിഭിത് കടുവാ സങ്കേതത്തിൽ പാതി ഭക്ഷിച്ച നിലയിൽ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി. ബൈജുനഗർ ഗ്രാമത്തിലെ ഫൂൽ ചന്ദിന്റെ(65) മൃതദേഹമാണ് കണ്ടെതിയത്. വെള്ളിയാഴ്ച കരിമ്പിൻ ത്തോട്ടത്തിലേയ്ക്ക് പോയ ഫൂൽ ചന്ദിനെ കാണാതയിരുന്നു. ഇതേ തുടർന്ന് നടത്തിയ തിരച്ചിലിലാണ് പാതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
എന്നാൽ ഫൂൽ ചന്ദിനെ മൃഗങ്ങൾ കൊലപ്പെടുത്തി ഭക്ഷിച്ചതാണോ അതോ ആരെങ്കിലും കൊലപ്പെടുത്തി കാട്ടിനുള്ളിൽ ഉപേക്ഷിച്ചതാണോ എന്ന കാര്യം വ്യക്തമായിട്ടില്ല എന്ന് പിടിആർ ഡെപ്യൂട്ടി ഡയറക്ടർ നവീൻ ഖണ്ടേൻവാൾ വ്യക്തമാക്കി. കടുവയും രണ്ട് കുട്ടികളും ചേർന്ന് ഭക്ഷിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണം വ്യക്തമാകു.
പിതാവിനെ കടുവകൾ ആക്രമിച്ച് കൊലപ്പെടുത്തിയതാണ് എന്നാണ് ഫൂൽ ചന്ദിന്റെ മകൻ ആരോപിക്കുന്നത്. കടുവാ സങ്കേതത്തിൽനിന്നും ഒരു കിലോമീറ്റർ മാറിയാണ് ഫൂൽ ചന്ദിന്റെ കരിമ്പ് പാടം. എന്നാൽ കൃഷിയിടത്തിൽനിന്നും മൃതദേഹം വലിച്ചിഴച്ചുകൊണ്ടുപോയതിന്റെ പാടുകൾ ഒന്നും കണ്ടെത്തിയിട്ടില്ല. കൃഷിയിടത്തിൽ കഴിഞ്ഞമാസം തന്നെ കടുവകളെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയിരുന്നു എന്നും വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചെങ്കിലും നടപടി ഒന്നുമുണ്ടായില്ല എന്നും ഫൂൽ ചന്ദിന്റെ മകൻ ആരോപിയ്ക്കുന്നു.