ക്രിക്കറ്റ് ബാറ്റിന് പകരം നൽകിയത് ജാക്കറ്റ്, ഫ്ലിപ്‌കാർട്ടിന് ഒരുലക്ഷം രൂപ പിഴ വിധിച്ച് കോടതി

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 11 ഒക്‌ടോബര്‍ 2019 (18:49 IST)
ബെംഗളുരു: ക്രിക്കറ്റ് ബാറ്റിന് പകരം ഉപയോക്താവിന് കോട്ട് നൽകിയ ഫ്ലിപ്കാർട്ടിന് എട്ടിന്റെ പണി തന്നെ കിട്ടി. 1 ലക്ഷം രൂപ പിഴ നൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. ഓർഡർ ചെയ്ത ഉത്പന്നത്തിന് പകരം തെറ്റായ ഉത്പന്നം നൽകിയതിനും. ഉത്പന്നം തെറ്റായി നൽകി എന്ന് ബോധ്യപ്പെട്ടിട്ടും മാറ്റി നൽകാനോ പണം തിരികെ നൽകാനോ ഫ്ലിപ്കാർട്ട് തയ്യാറായില്ല എന്ന് കോടതിക്ക് വ്യക്തമായതോടെയാണ് 1 ലക്ഷം രൂപ പിഴ വിധിച്ചത്.

6,047 രൂപ മുടക്കിയാണ് ഉപയോക്താവ് 2017 ഏപ്രിലിൽ ക്രിക്കറ്റ് ബാറ്റ് ഓർഡർ ചെയ്തത്. എന്നാൽ ലഭിച്ചതാവട്ടെ ഒരു കറുത്ത ജാക്കറ്റായിരുന്നു. ഉത്പന്നം മാറ്റി നൽകാൻ പല തവണ ഉപയോക്താവ് ഫ്ലിപ്കാർട്ടുമായി ബന്ധപ്പെട്ടു എങ്കിലും ഇതിന് കമ്പനി തയ്യാറാവാതെ വന്നതോടെ മെയിൽ ഉപയോക്താവ് നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു.

50,000 രൂപ ഉപയോക്താവിന് പിഴയായി നൽകാനും, 50,000 രൂപ ഉപഭോക്തൃ കോടതിയുടെ വെല്‍ഫയര്‍ ഫണ്ടിലേക്ക് നൽകാനുമാണ് സിഎം ചഞ്ചല, മഞ്ജുള എച്ച് എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടത്ത്. ആറാഴ്ചക്കകം ശരിയായ ഉത്പന്നം ഉപയോക്താവിന് നൽകണം എന്നും പിഴ തുക നൽകുന്നതിൽ കാലതാമസം വന്നാൽ പത്ത് ശതമാനം പലിശ ഈടാക്കും എന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :