ഫാക്ടിനെ പുനഃരുദ്ധരിക്കും: കേന്ദ്രമന്ത്രി അനന്ത് കുമാര്‍

കൊച്ചി| VISHNU.NL| Last Updated: വ്യാഴം, 29 മെയ് 2014 (13:14 IST)
ഫാക്ടിന്റെ പുനരുദ്ധാരണ പാക്കേജ് പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാര്‍. രാജ്യത്ത് പൂട്ടിക്കിടക്കുന്ന എല്ലാ യുറിയ യൂണിറ്റുകളും പുനരുദ്ധരിച്ച് തുറന്നു പ്രവര്‍ത്തിക്കും. രാസവളത്തിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തതയാണ് നരേന്ദ്ര മോദി സര്‍ക്കാറിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

അനിശ്ചിതത്വത്തിലായ ഫാക്ടിന്റെ പുനരുദ്ധാരണ പാക്കേജ് സംബന്ധിച്ച കാര്യങ്ങള്‍ പുതിയ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കേന്ദ്ര രാസവളം മന്ത്രി അനന്ത് കുമാറിനെ ഫാക്ട് സിഎംഡി ജയ്വീര്‍ ശ്രീവാസ്തവ സന്ദര്‍ശിച്ചതിനു ശേഷമാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്.

ഫാക്ട് പുനരുദ്ധാരണ പാക്കേജുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് ഫാക്ട് സിഎംഡി. ജയ്വീര്‍ ശ്രീവാസ്തവ പറഞ്ഞു. പാക്കേജ് ലഭിച്ചാല്‍ രാജ്യത്തെ മുന്‍നിര രാസവളം നിര്‍മാണ ശാലയായി ഫാക്ടിനെ മാറ്റാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

991 കോടിയുടെ പാക്കേജാണ് കേന്ദ്രത്തില്‍ നിന്ന് ഫാക്ട് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലാവധി തീരും മുമ്പ് പാക്കേജ് നേടിയെടുക്കാന്‍ ശ്രമങ്ങള്‍ വിജയിച്ചില്ല. കേന്ദ്രത്തിലെ ആറ് മന്ത്രാലയങ്ങളുടെ അംഗീകാരവും കിട്ടിയെങ്കിലും കാബിനറ്റിന്റെ സാമ്പത്തിക കാര്യ ഉപസമിതി പാക്കേജിന് അംഗീകാരം നല്‍കിയിരുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :