ഇന്ത്യന്‍ വിപണിയിലെ ആദ്യ കോംപാക്ട് അര്‍ബന്‍ ക്രോസ് കാര്‍ ഡാറ്റ്സൻ 'റെഡിഗോ' പുറത്തിറങ്ങി

ജാപ്പനീസ് വാഹന നിർമാതാക്കളായ നിസ്സാൻ മോട്ടോർ കമ്പനിയുടെ ബജറ്റ് ബ്രാൻഡായ 'റെഡി ഗോ' ചെറുകാര്‍ ഡാറ്റ്‌സണ്‍ ഇന്ത്യ അവതരിപ്പിച്ചു

ഡാറ്റ്സൻ, റെഡിഗോ, ജപ്പാന്‍, തമിഴ്നാട്, നിസാന്‍ datson, redi go. japan, tamilnadu, nissan
സജിത്ത്| Last Modified വെള്ളി, 15 ഏപ്രില്‍ 2016 (15:21 IST)
ജാപ്പനീസ് വാഹന നിർമാതാക്കളായ നിസ്സാൻ മോട്ടോർ കമ്പനിയുടെ ബജറ്റ് ബ്രാൻഡായ 'റെഡി ഗോ' ചെറുകാര്‍ ഡാറ്റ്‌സണ്‍ ഇന്ത്യ അവതരിപ്പിച്ചു. ഇന്ത്യന്‍ വിപണിയിലെ ആദ്യ കോംപാക്ട് അര്‍ബന്‍ ക്രോസ് വാഹനമാണിതെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. മാരുതി സുസുക്കി ഓള്‍ട്ടോ 800, ഹ്യുണ്ടായ് ഇയോണ്‍, റെനോ ക്വിഡ് എന്നിവയുടെ വിപണിയിലേക്കാണ് 'റെഡി ഗോ' വരുന്നത്. യുവാക്കളെ ആകർഷിക്കാനായി ലൈം ഗ്രീൻ, റെ‍ഡ് നിറങ്ങളിലാണ് റെഡിഗോ വിപണിയിലെത്തിയിരിക്കുന്നത്. 2.5 ലക്ഷം മുതല്‍ 3.5 ലക്ഷം വരെയാവും വിവിധ വേരിയന്റുകളുടെ ഏകദേശവില എന്നാണ് സൂചന.

മികച്ച ലെഗ് സ്പേസ്, ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ റെഡിഗോയുടെ പ്രത്യേകതകളാണ്. 185 എംഎം ആണ് ഗ്രൗണ്ട് ക്ലിയറൻസ്. മൂന്നു സിലിണ്ടർ, 8 ലിറ്റർ എൻജിനുള്ള കാറിൽ 5 സ്പീഡ് മാന്യുവൽ ട്രാൻസ്മിഷൻ ആണ് ഉപയോഗിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ ഒറഗഡത്തുള്ള റെനോ - നിസാന്‍ പ്ലാന്റിലാണ് നിര്‍മ്മാണം. റെനോ, നിസാര്‍, ഡാറ്റ്‌സണ്‍ കാറുകള്‍ നിര്‍മ്മിക്കുന്നത് ഇവിടെയാണ്. ജൂൺ ഒന്നിനു നിരത്തിലിറങ്ങുന്ന വാഹനം ഇപ്പോൾ ബുക്ക് ചെയ്യാം. 2020 ഓടെ ഇന്ത്യയിൽ അഞ്ച് ശതമാനം വിപണി വിഹിതമാണ് പ്രതീക്ഷിക്കുന്നത്.

നിസാന്‍ ഉടമസ്ഥതയിലുള്ള ഡാറ്റ്‌സണിന്റെ ഗോ ഹാച്ച്ബാക്ക്, ഗോ പ്ലസ് എം പി വി എന്നിവയാണ് നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ളത്. ഫ്രഞ്ച് പങ്കാളിയായ റെനോയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ച എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ക്വിഡി’ന്റെ പ്ലാറ്റ്ഫോമിലാണു ഡാറ്റ്സൻ ‘റെഡി ഗൊ’യും പിറവിയെടുക്കുന്നത്. മികച്ച ഇന്ധനക്ഷമതയും നിയന്ത്രണവും ഉള്ള കാറാണ് ഇത്.

മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്കുശേഷം 2014ലായിരുന്നു നിസ്സാൻ ബജറ്റ് ബ്രാൻഡായി ഡാറ്റ്സനെ ഇന്ത്യയിൽ അവതരിപ്പിച്ചത്. ‘ഗോ’യുമായി വിപണിയിലെത്തിയ ഡാറ്റ്സനു പക്ഷേ വിൽപ്പന കണക്കെടുപ്പിൽ പ്രതീക്ഷിച്ച തരംഗം സൃഷ്ടിക്കാനായില്ല. വില കുറവാണെങ്കിലും ആകര്‍ഷക സ്റ്റൈലിങ്ങും ക്രോസ് ഓവര്‍ രൂപഭംഗിയുമാണ് ‘റെഡി ഗൊ’യ്ക്കുള്ളത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :