അഭിറാം മനോഹർ|
Last Modified വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (20:05 IST)
സാമ്പത്തിക ലോകത്തെ ഞ്ഞെട്ടിച്ച് കൊണ്ട് ചൈനയുടെ പുതിയ പ്രഖ്യാപനം. ആഗോള വിപണി ചൈനയിലെ എവർഗ്രന്റെ ഗ്രൂപ്പിന്റെ തകർച്ചയെ ആശങ്കയോടെ നോക്കിയിരിക്കുന്ന ഘട്ടത്തിലാണ് ബിറ്റ്‌കോയിൻ ഇടപാടുകളെ നിയമവിരുദ്ധമായി കണക്കാക്കുമെന്ന്
ചൈന വ്യക്തമാക്കിയത്. ഇന്ന് ചൈനയിലെ കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ വെബ്സൈറ്റിലാണ് നിരോധനം സംബന്ധിച്ച് അറിയിപ്പ് വന്നത്. ചൈനയുടെ തീരുമാനം വന്നതിന് പിന്നാലെ വെള്ളിയാഴ്ചത്തെ വിപണിയിൽ ബിറ്റ്കോയിൻ 5.5 ശതമാനം ഇടിഞ്ഞു.
അതേസമയം ചൈന ക്രിപ്‌റ്റോ ഇടപാടുകൾക്കെതിരായ സമീപനം നേരത്തെ സൂചിപ്പിച്ചതിനാൽ വിപണിയിൽ വലിയ തിരിച്ചടി ഒഴിവായി. സാമ്പത്തിക രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ വലിയ വെല്ലുവിളിയാണെന്ന് മെയ് മാസത്തിൽ ചൈനയിലെ സ്റ്റേറ്റ് കൗൺസിൽ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെ ചൈനയിലെ നിക്ഷേപകർ ക്രിപ്‌റ്റോകറൻസി വിറ്റഴിക്കാൻ തുടങ്ങിയിരുന്നു.
എല്ലാ ക്രിപ്റ്റോകറൻസി ഇടപാടുകളും ഇവയുടെ വാങ്ങലും നിയമവിരുദ്ധമാണെന്നാണ് ചൈനയിലെ റെഗുലേറ്ററി ബോർഡ് പ്രഖ്യാപിച്ചത്. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ രാജ്യത്തെ ഏജൻസികളെല്ലാം ചേർന്ന് ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നത്.
ദേശീയ തലത്തിൽ ക്രിപ്റ്റോകറൻസി സേവനങ്ങൾ നൽകുന്ന സാമ്പത്തിക സ്ഥാപനങ്ങൾ, പേമെന്റ് കമ്പനികൾ, ഇന്റർനെറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് എല്ലാം പുതിയ തീരുമാനത്തോടെ നിലനിൽപ്പ് തന്നെ അനിശ്ചിതത്വത്തിലായി.