ന്യൂഡല്‍ഹി|
മെര്‍ലിന്‍ സാമുവല്‍|
Last Modified വ്യാഴം, 26 സെപ്‌റ്റംബര്‍ 2019 (18:48 IST)
രാജ്യത്ത് ആവശ്യ സാധങ്ങളുടെ
വില വര്‍ദ്ധനവ് ഉണ്ടാകുമെന്ന് വ്യക്തമാക്കി സവാളയുടെയും തക്കാളിയുടെയും വില കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസം വരെ
സവാള വിലയായിരുന്നു ജനങ്ങളെ ‘കരയിച്ച’തെങ്കില്‍ ഇന്ന് തക്കാളിയും പോക്കറ്റ് കാലിയാക്കുകയാണ്.
ന്യൂഡല്‍ഹിയില്‍ തക്കാളി വില ഉയരുകയാണ്. 70 ശതമാനം വില വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ആസാദപൂരിലെ മണ്ടി മാര്‍ക്കറ്റില്‍ എണ്ണൂറ് രൂപയ്‌ക്ക് മുകളിലാണ്
ഗ്രേഡ് ഒന്ന് തക്കാളിയുടെ മൊത്ത വ്യാപാരവില.
30 രൂപയുണ്ടായിരുന്ന തക്കാളി ഇപ്പോള്‍ വില്‍ക്കുന്നത് 40 മുതല്‍ 60 വരെ രൂപാ വരെ വിലയ്‌ക്കാണ്. പലയിടത്തും 60 രൂപയ്‌ക്കാണ് വില്‍പ്പന നടക്കുന്നത്. ചണ്ഡിഗഡില്‍ കിലോക്ക് 52 രൂപയാണ് തക്കാളിയുടെ വില.
കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ തക്കാളി ചെടികള്‍ നശിച്ച് പോയതാണ് വില വര്‍ദ്ധനവിന് കാരണം. മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളുടെ വടക്കന്‍ മേഖലകളിലുണ്ടായ കനത്തമഴയാണ് തക്കാളി ലഭ്യത കുറയാന്‍ കാരണമായത്.
സമാനമായ വില വര്‍ദ്ധനവാണ് സവാളയുടെ കാര്യത്തിലും സംഭവിക്കുന്നത്. ഡല്‍ഹിയില്‍ ഉള്ളിവില കിലോയ്‌ക്ക്
75 -80 രൂപയാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉള്ളിയുടെ സ്‌റ്റോക് കുറഞ്ഞതോടെ 85 രൂപ എത്താനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്ന് വിപണി വ്യക്തമാക്കുന്നു.
സവാളയുടെ വില നിയന്ത്രണത്തിന് സംസ്ഥാന - കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി രാം വിലാസ് പാസ്വാന്‍ അറിയിച്ചിരുന്നു.