മൂന്നാം തലമുറയ്ക്കുവേണ്ടി ടെലികോം കമ്പനികള്‍ കൈകോര്‍ക്കുന്നു

മുംബൈ| VISHNU.NL| Last Modified ബുധന്‍, 7 മെയ് 2014 (12:51 IST)
രാജ്യത്ത് 3ജി സേവനം നല്‍കുന്ന റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, ടാറ്റാ ടെലി സര്‍വീസസ്, എയര്‍സെല്‍ എന്നീ കമ്പനികള്‍ ഒന്നിച്ചു നില്‍ക്കാന്‍ തീരുമാനിച്ചു. ടെലികോം വിപണിയിലെ മല്‍സരം നേരിടാനാണ് മൂന്നു കമ്പനികളും ഒന്നിച്ചു നില്‍ക്കാന്‍ തീരുമാനിച്ചത്.

രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രം 3ജി സ്പെക്ട്രത്തിനുള്ള ലൈസന്‍സ് ഉള്ളവരാണ് ഇവര്‍. ഒന്നിച്ച് നില്‍ക്കാന്‍ തയാറായിക്കൊണ്ടുള്ള കരാര്‍ ഉടന്‍ നിലവില്‍ വരും. കരാര്‍ നിലവില്‍ വരുന്നതോടെ ഈ കമ്പനികള്‍ക്ക് മുഴുവന്‍ 3ജി സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയും

നിലവില്‍ ബി‌എസ്‌എന്‍‌എല്‍, ഐഡിയ, തുടങ്ങിയ വമ്പന്‍ കമ്പനികള്‍ക്കു മാത്രമെ രാജ്യം മുഴുവന്‍ 3ജി ലൈസന്‍സുള്ളു. റിലയന്‍സ് കമ്യൂണിക്കേഷന്‍സിനും എയര്‍സെല്ലിനും ഇന്ത്യയിലെ 22 ല്‍ 13 സര്‍ക്കിളുകളില്‍ 3ജി സേവനങ്ങള്‍ ലഭ്യമാക്കാന്‍ ലൈസന്‍സുണ്ട്. ടാറ്റാ ടെലി സര്‍വീസസിന് ഒമ്പത് സര്‍ക്കിളുകളിലും.

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, ബീഹാര്‍, ഒറീസ, അസ്സം, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് റിലയന്‍സിന് സര്‍വീസുള്ളത്. ടാറ്റ ടെലി, എയര്‍സെല്‍ എന്നിവയുമായി കരാര്‍ നിലവില്‍ വരുന്നതോടെ എയര്‍സെല്ലിന് സര്‍വീസുള്ള ആന്ധ്രാ പ്രദേശ്, കര്‍ണാടക, തമിഴ്നാട്, കേരള, യു.പി ഈസ്റ്റ് എന്നീ സര്‍ക്കിളുകളില്‍ കൂടി സേവനം ലഭ്യമാക്കാന്‍ കഴിയും. ടാറ്റാ ടെലിക്ക് ഡല്‍ഹി, മുംബൈ എന്നീ മേഖലകള്‍ കരാറോടെ തുറന്ന് കിട്ടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :