സാഹിത്യമില്ലാതെ എന്ത് ബജറ്റ്?- കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസ്ക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് ഇങ്ങനെയായിരുന്നു. സാഹിത്യ ഉദ്ധരണികള്‍ കൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങാറ്. ഇത്തവണയും അങ്ങനെയുണ്ടാകുമോ എന്ന ചോദ്യത്തിനാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്. എന്തായാലും പതിവിന് മാറ്റമുണ്ടായില്ല. ഇത്തവണയും കവിത ഉദ്ധരിച്ചാണ് ഐസക് ബജറ്റ് അവതരണം തുടങ്ങിയത്. ജ്ഞാനപീഠ ജേതാവ് ഒ എന്‍ വിയെയാണ് ബജറ്റ് അവതരിപ്പിക്കാന്‍ ഐസക് ഇത്തവണ കൂട്ടുപിടിച്ചത്.
'പാലിച്ചു വാഗ്‌ദാനമേറെ എന്നാകിലും പാലിക്കാനുണ്ട് ഇനിയും ഏറെ, പിന്നിട്ടു ദൂരം എങ്കിലും പിന്നിടാനുണ്ട് ഇനിയും കാതമേറെ...എന്നു തുടങ്ങുന്ന നാലുവരി കവിത ചൊല്ലിക്കൊണ്ട് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. ഭരണപക്ഷ അംഗങ്ങള്‍ ഡസ്കില്‍ കയ്യെടിച്ച് മന്ത്രിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ആദ്യ ബജറ്റുകളില്‍ ബഷീറിനെയും തകഴിയെയുമാണ് ഐസക് കൂട്ടുപിടിച്ചത്. ഉള്ളതുകൊണ്ട് എല്ലാവരെയും തൃപ്‌തിപ്പെടുത്തുമെന്നു പ്രഖ്യാപിക്കാന്‍ ബഷീറിന്റെ പാത്തുമ്മയുടെ ആടിന്റെ രാഷ്‌ട്രീയ സാമ്പത്തിക ശാസ്‌ത്രമാണ് മൂന്നു വര്‍ഷം മുമ്പ് ഐസക് ഉപയോഗിച്ചു. തകഴിയുടെ 'കയറി'ലെ സാമ്പത്തിക ചരിത്രവും ബജറ്റ് അവതരണത്തിനായി ഐസക് എടുത്തുപറഞ്ഞു. വൈലോപ്പിള്ളിയുടെ സഹ്യന്റെ മകനെ ഉയര്‍ത്തിക്കാട്ടിയാണ് കഴിഞ്ഞ തവണ ഐസക് റെഡ് ആന്‍ഡ് ഗ്രീന്‍ ബജറ്റ് അവതരിപ്പിച്ചത്,
കഴിഞ്ഞതവണ ബജറ്റ് അവതരണത്തിനിടെ മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പോലീത്തയുടെ പ്രസ്താവനെയെയും ഐസക് കൂട്ടുപിടിച്ചു. പരിസ്‌ഥിതി സംരക്ഷണം സംബന്ധിച്ച് മാരാമണ്‍ കണ്‍വന്‍ഷനില്‍ മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പോലീത്ത നടത്തിയ പ്രസ്‌താവനയാണ് റെഡ് ആന്‍ഡ് ഗ്രീന്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ഐസക് എടുത്തുപറഞ്ഞത്.