പ്രത്യേക സാമ്പത്തിക മേഖലകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാരിന്റെ വാര്‍ഷിക വിദേശ വ്യാപാരനയം. പ്രത്യേക സാമ്പത്തിക പദ്ധതികള്‍ക്കുള്ള നിബന്ധനകള്‍ക്ക് ഇളവുകള്‍ നല്‍കിയിട്ടുണ്ട്. വാണിജ്യമന്ത്രി ആനന്ദ് ശര്‍മയാണ് വിദേശ വ്യാപാരനയം പ്രഖ്യാപിച്ചത്.
സെസുകള്‍ ഇനിമുതല്‍ കൈമാറ്റം ചെയ്യാനും വില്‍ക്കാനും അനുവാദമുണ്ട്. ഐ ടി സെസ്സുകള്‍ക്കാകട്ടെ കുറഞ്ഞ ഭൂമിയുടെ കാര്യത്തില്‍ പരിധിയില്ല. കൊച്ചി പോലുള്ള നഗരങ്ങള്‍ക്ക് തീരുമാനം ഏറെ ഗുണം ചെയ്യും. ഏക സെസുകളുടെ ഭൂമി പരിധി 100ല്‍ നിന്ന് 50 ഹെക്ടറായും പുതുക്കി നിശ്ചയിച്ചു. വിവിധോദ്ദേശ സെസുകള്‍ക്ക് ആവശ്യമായ ഭൂമി 1000ത്തില്‍ നിന്ന് 500 ഹെക്ടര്‍ ആയി കുറച്ചു.
നെയ്യും വെണ്ണയും ചീസും കയറ്റുമതി ചെയ്യുന്നതിനുള്ള നിരോധനം നീക്കിയിട്ടുണ്ട്. എന്നാല്‍ പാലിനും മറ്റ് പാല്‍ ഉത്പന്നങ്ങള്‍ക്കുമുള്ള കയറ്റുമതി നിരോധനം തുടരും.
പ്രതിരോധ മേഖലയില്‍ പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിക്കുന്ന കാര്യം പരിഗണിക്കുന്നുമുണ്ട്. ഭൂമി ഏറ്റെടുക്കല്‍ ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും.