ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വ്യാഴം, 23 ജൂലൈ 2009 (15:13 IST)
ഓഹരി ഇടപാടുകള്‍ സംബന്ധിച്ച് ദക്ഷിണാഫ്രിക്കന്‍ ടെലികോം സംരംഭമായ എംടിഎന്നുമായി ചര്‍ച്ച തുടരുകയാണെന്ന് ഭാരതി എയര്‍ടെല്‍ അറിയിച്ചു. ജൂലൈ 31നകം ഇത് സംബന്ധിച്ച അന്തിമ ധാരണയിലെത്താനാണ് ഇരു കമ്പനികളും ശ്രമിക്കുന്നത്.
ഭാരതി എന്‍റര്‍പ്രൈസ് എംഡി അഖില്‍ ഗുപ്തയാണ് ചര്‍ച്ച തുടരുന്നതായ വിവരം അറിയിച്ചത്. അതേസമയം ഇതുവരെ നടത്തിയ ചര്‍ച്ചയുടെ പുരോഗതി സംബന്ധിച്ച് എന്തെങ്കിലും വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.
ഉപയോക്താക്കളുടെ എണ്ണത്തില്‍ ആഫ്രിക്കയിലെ ഏറ്റവും വലിയ ടെലികോം സംരംഭമാണ് എംടിഎന്‍. ദക്ഷിണാഫ്രിക്ക, നൈജീരിയ, ഇറാന്‍, സൈപ്രസ് എന്നിവിടങ്ങള്‍ ഉള്‍പ്പെടെ 21 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള എംടിഎന്നിന് ഏഴ് കോടിയോളം വരിക്കാരുണ്ട്. ഏതാണ്ട് 40,000 കോടി രൂപയാണ് വിറ്റുവരവ്.
എംടിഎന്നില്‍ 49 ശതമാനം ഓഹരികള്‍ വാങ്ങാനാണ് ഭാരതി എയര്‍ടെല്‍ ശ്രമിക്കുന്നത്. ഇതിനു പകരമായി എംടിഎന്നിനും അവരുടെ ഓഹരിയുടമകള്‍ക്കും ഭാരതിയില്‍ 36 ശതമാനം സാമ്പത്തിക പങ്കാളിത്തം നല്‍കും. 20 കോടിയിലേറെ വരിക്കാരും 2,000 കോടി ഡോളറിന്‍റെ വരുമാനവും അത്തരമൊരു സംയുക്ത കമ്പനിക്കുണ്ടാവും.