മുംബൈ|
WEBDUNIA|
Last Modified ചൊവ്വ, 22 ജനുവരി 2008 (17:59 IST)
ആഭ്യന്തര ഓഹരി വിപണിയില്‍ ചൊവ്വാഴ്ചയും തുടര്‍ന്ന കനത്ത തിരിച്ചടിയില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത് ഒ.എന്‍.ജി.സിക്കാണ് - 13.6 ശതമാനം നഷ്ടത്തില്‍ ഓഹരി വില 962.35 രൂപയായി താണു. ഇതിനൊപ്പം ഐ.റ്റി.സി, ഹിന്‍ഡാല്‍ക്കോ, മഹിന്ദ്ര, അംബുജാ സിമന്‍റ്, സിപ്ല, എച്ച്.ഡി.എഫ്.സി., റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റാ സ്റ്റീല്‍ എന്നിവയുടെ ഓഹരി വിലയില്‍ 7 ശതമാനം മുതല്‍ 10 ശതമാനം വരെ ഇടിവുണ്ടായി.
ഇത്രയും വലിയ ഇടിവു സംഭവിച്ചിട്ടും വിപണിയില്‍ ലാഭം കൊയ്ത കമ്പനികളുണ്ട് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഭാരതി എയര്‍ടെല്‍ 2.55 ശതമാനവും ടാറ്റാ മോട്ടേഴ്സ് 0.75 ശതമാനവും മുംബൈ ഓഹരി വിപണിയില്‍ ലാഭം നേടിയപ്പോള്‍ ദേശീയ ഓഹരി വിപണിയില്‍ നാല്‍ക്കോ 2.6 ശതമാനവും നേടി. അതേ സമയം സെന്‍സെക്സില്‍ മാരുതി സുസുക്കി നഷ്ടത്തിലായപ്പോള്‍ നിഫ്റ്റിയില്‍ നേരിയ ലാഭമാണ് കൈവരിച്ചത്.
ഹിന്ദുസ്ഥാന്‍ ലിവര്‍, റാന്‍ബാക്സി ലാബ്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ഭെല്‍, ഗ്രാസിം ഇന്‍ഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി.ബാങ്ക്, സത്യം കമ്പ്യൂട്ടേഴ്സ്, ടാറ്റാ കണ്‍സല്‍റ്റന്‍സി സര്‍വീസസ്, എന്‍.റ്റി.പി.സി., ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയുടെ ഓഹരി വില 4 ശതമാനം മുതല്‍ 7 ശതമാനം വരെ നഷ്ടത്തിലായി.
മുംബൈ ഓഹരി വിപണിയില്‍ ചൊവ്വാഴ്ച ഒട്ടാകെ 2454 ഓഹരികള്‍ വ്യാപാരം നടന്നപ്പോള്‍ 2273 ഓഹരികള്‍ നഷ്ടത്തിലായി. എന്നാല്‍ 152 ഓഹരികള്‍ താരതമ്യേന ലാഭം കൈവരിച്ചപ്പോള്‍ 29 ഓഹരികള്‍ സ്ഥിരത കൈവരിച്ചു.
ആഭ്യന്തര ഓഹരി വിപണിയിലെ പ്രധാന വിപണികളില്‍ ഒന്നായ മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് ചൊവ്വാഴ്ച വൈകിട്ട് വിപണി ക്ലോസിംഗ് സമയത്ത് 875.41 പോയിന്‍റ് 4.97 ശതമാനം നഷ്ടത്തില്‍ 16,729.94 എന്ന നിലയിലേക്ക് താണു.
ഇതേ സമയം ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 309.50 പോയിന്‍റ് അഥവാ 5.94 ശതമാനം നഷ്ടത്തില്‍ 4899.30 എന്ന നിലയിലേക്ക് താണു. ചൊവ്വാഴ്ച രാവിലെയുണ്ടായ വന്‍ തകര്‍ച്ചയില്‍ നിന്ന് വൈകുന്നേരം ഒരളവ് തിരിച്ചുവരവ് നടത്തുകയാണുണ്ടായത്. ചൊവ്വാഴ്ച രാവിലെ സെന്‍സെക്സ് 2,273 പോയിന്‍റ് വരെ നഷ്ടപ്പെട്ട് ഏറ്റവും കുറഞ്ഞ നിലയായ 15,332.42 എന്ന നിലയിലേക്ക് താണപ്പോള്‍ നിഫ്റ്റി ഇടവേളയില്‍ 4,448.50 വരെ താണിരുന്നു.
ജനുവരി 8 നായിരുന്നു സെന്‍സെക്സ് ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നത്. ഇതില്‍ നിന്ന് ചൊവ്വാഴ്ച വൈകിട്ടു വരെ 25 ശതമാനത്തിലേറെ നഷ്ടമാണുണ്ടായത്. അമേരിക്കന്‍ വിപണിക്കൊപ്പം ഏഷ്യന്‍ വിപണിയിലും ഉണ്ടായ നഷ്ടം ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുകയായിരുന്നു എന്നാണ് ഓഹരി വൃത്തങ്ങള്‍ പറയുന്നത്.
ഈ കനത്ത തിരിച്ചടിയിലും പരിഭ്രമിക്കേണ്ടെന്നാണ് ധനമന്ത്രി ചിദംബരം പറയുന്നത്. തിരിച്ചടി ഒരളവു വരെ തരണം ചെയ്യാന്‍ റിസര്‍വ് ബാങ്ക് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.