അഭിറാം മനോഹർ|
Last Modified തിങ്കള്‍, 7 ജൂണ്‍ 2021 (19:26 IST)
ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്‌തിട്ടുള്ള 50 കമ്പനികളെക്കുറിച്ച് ബിഎസ്ഇക്ക് വിവരം ലഭിച്ചില്ല. വിപണി ചട്ടങ്ങൾ ലംഘിച്ചതിന്റെപേരിൽ ആറുമാസമായി വ്യാപാരം നിർത്തിവെച്ച കമ്പനികളെക്കുറിച്ച് നേരിട്ട് അന്വേഷിച്ചപ്പോഴാണ് വിവരങ്ങൾ കണ്ടെത്താൻ സാധിക്കാതെ വന്നത്.
2020 ഡിസംബറിലാണ് ആദ്യം ഈ വിഭാഗത്തിൽപ്പെട്ട കമ്പനികൾക്ക് കാരണംകാണിക്കൽ നോട്ടീസ് അയച്ചത്. തുടർന്ന് യാതൊരു മറുപടിയും ലഭിക്കാതെ വന്നപ്പോഴാണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അന്വേഷണം നടത്തിയത്.കമ്പനികളുടെ പ്രൊമോട്ടർമാർക്ക് കഴിഞ്ഞ മാർച്ച് 16ന് ഇ-മെയിൽ അയച്ചെങ്കിലും മറുപടി ലഭിച്ചില്ല.
ഓഹരികൾ എക്‌സ്‌ചേഞ്ചിൽനിന്ന് നീക്കംചെയ്യുമെന്ന അറിയിപ്പും നൽകിയിരുന്നു. 15 ദിവസത്തിനകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് മെയ് 26നും കമ്പനികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഏറ്റവുംകൂടുതൽ കമ്പനികളെക്കുറിച്ച് വിവരമില്ലാത്തത് മഹാരാഷ്ട്രയിലാണ്. 14 കമ്പനികളാണ് ഓഫീസടച്ച് മുങ്ങിയത്.