ഭവന വായ്പ പലിശ കൂടിയേക്കും

WDWD
റിസര്‍വ്‌ ബാങ്ക്‌ പുതിയതായി പ്രഖ്യാപിച്ച വായ്പാ നയം അനുസരിച്ച്‌ വാണിജ്യ ബാങ്കുകള്‍ നല്‍കുന്ന ഭവന വായ്പകളുടെ പലിശ നിരക്കില്‍ വര്‍ദ്ധന ഉണ്ടായേക്കും എന്ന്‌ സൂചന.

ആര്‍.ബി.ഐ പുതിയ വായ്പാ നയത്തില്‍ സി.ആര്‍.ആര്‍ അഥവാ നിക്ഷേപത്തിന്‌ ആനുപാതികമായി റിസര്‍വ്‌ ബാങ്കില്‍ സൂക്ഷിക്കേണ്ട കരുതല്‍ ധനത്തിന്‍റെ അളവ്‌ കാല്‍ ശതമാനം കൂടി വര്‍ധിപ്പിച്ചതാണ്‌ വാണിജ്യ ബാങ്കുകള്‍ നല്‍കുന്ന ഭവന വായ്പ, വാഹന വായ്പ, വ്യക്‌തിഗത വായ്പ എന്നിവയുടെ പലിശ വര്‍ധനയ്ക്ക്‌ ഇടയാക്കിയേക്കാന്‍ കാരണമാവുന്നത്‌.

നിലവിലെ കണക്കനുസരിച്ച് ഭവന വായ്പയുടെ പലിശയില്‍ കാല്‍ ശതമാനം മുതല്‍ അര ശതമാനം വരെ വര്‍ധനയ്ക്കു സാധ്യതയുണ്ട്‌. എന്നാല്‍ വാഹന വായ്പ, വ്യക്‌തിഗത വായ്പ എന്നിവയുടെ പലിശ ഒരു ശതമാനം വരെ ഉയരാമെന്നാണു നിലവിലെ സൂചനയനുസരിച്ച്‌ വിദഗ്ദ്ധര്‍ കരുതുന്നത്‌.

ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സിആര്‍ആര്‍ വര്‍ധന പ്രാബല്യത്തിലാവാന്‍ മേയ്‌ 24 വരെ കാത്തിരിക്കണം. അതിനാല്‍ ഇതുമൂലമുള്ള പലിശ വര്‍ദ്ധനയ്ക്ക്‌ കാത്തിരിക്കേണ്ടിവരും എന്നര്‍ത്ഥം.

കഴിഞ്ഞ രണ്ടാഴ്ചകള്‍ക്ക്‌ മുമ്പ്‌ ആര്‍.ബി.ഐ അരശതമാനം സി.ആര്‍.ആര്‍ വര്‍ദ്ധന വരുത്തിയിരുന്നു. എന്നാല്‍ ഇത്‌ കൂടാതെ ഇപ്പോള്‍ കാല്‍ ശതമാനം വര്‍ദ്ധന വീണ്ടും വരുത്തി. ആദ്യമുയര്‍ത്തിയ അര ശതമാനത്തിലെ കാല്‍ ശതമാനം സി.ആര്‍.ആര്‍ വര്‍ദ്ധന മേയ്‌ പത്ത്‌ മുതലാണ്‌ പ്രാബല്യത്തില്‍ വരുന്നത്‌. ഇതോടെ ബാങ്കുകളുടെ പണലഭ്യതയില്‍ 18,500 കോടി രൂപയുടെ കുറവുണ്ടാകും.

എന്നാല്‍ ചൊവ്വാഴ്ചത്തെ നയപ്രഖ്യാപനം അനുസരിച്ചുള്ള കാല്‍ ശതമാനം വര്‍ദ്ധനയാവട്ടെ മേയ്‌ 24 മുതലും പ്രാബല്യത്തില്‍ വരും. ഇത്‌ പണലഭ്യതയില്‍ 9,250 കോടി രൂപയുടെ കുറവു കൂടി ഉണ്ടാക്കും. ഇതാണിപ്പോള്‍ ബാങ്കുകള്‍ പലിശ വര്‍ദ്ധിച്ചേക്കാന്‍ സാധ്യതയുണ്ടെന്ന്‌ പറയാന്‍ കാരണം.
കൊച്ചി| WEBDUNIA| Last Modified ബുധന്‍, 30 ഏപ്രില്‍ 2008 (11:16 IST)




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :