കൊച്ചിയിലെ കാക്കനാട്ടുള്ള പ്രത്യേക സാമ്പത്തിക മേഖലയുടെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് ഞായറാഴ്ച തുടക്കം കുറിക്കും. സംസ്ഥാന ഗവര്‍ണ്ണര്‍ ആര്‍.എല്‍.ഭാട്ടിയ ഇത് ഉദ്ഘാടനം ചെയ്യും. എറണാകുളം ലേ മെറിഡിയന്‍ ഹോട്ടലിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്.
രാജ്യത്തെ കയറ്റുമതിയില്‍ കൊച്ചി പ്രത്യേക സാമ്പത്തിക മേഖല മൂന്നാം സ്ഥാനമാണ് ഇത്തവണ നേടിയത് എന്നത് ഈയവസരത്തില്‍ മാറ്റുകൂട്ടുന്നു.
കൊച്ചി പ്രത്യേക സാമ്പത്തിക മേഖല കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4,652 കോടിയുടെ റെക്കാഡ് കയറ്റുമതി വരുമാനമാണ് നേടിയത്. പ്രത്യേക സാമ്പത്തിക മേഖല ഡവലപ്‌മെന്‍റ് കമ്മീഷണര്‍ സി.ജെ മാത്യു അറിയിച്ചതാണിത്.
2007-08 സാമ്പത്തിക വര്‍ഷത്തില്‍ ജെം ആന്‍ഡ് ജൂവലറി, ഭക്‍ഷ്യ സംസ്കരണം, ടെക്സ്റ്റയില്‍ മേഖലകളിലെ കമ്പനികളാണ് പ്രധാനമായും ഈ നേട്ടം കൈവരിച്ചത്. മുംബൈ, നോയിഡ കയറ്റുമതി മേഖലകളാണ് ഒന്നും രണ്ടും സ്ഥാനം നേടിയത്.
സര്‍ക്കാര്‍ ഉടമസ്ഥതയില്‍ 1983-ല്‍ സെപ്തംബര്‍ 24ന് ആരംഭിച്ചെങ്കിലും 1986ലാണ് കൊച്ചിന്‍ എക്സ്പോര്‍ട്ട് പ്രോസസിങ് സോണ്‍ മേഖല പൂര്‍ണ തോതില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 2000ല്‍ നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ ഇത് പ്രത്യേത സാമ്പത്തിക മേഖലയായി പ്രഖ്യാപിച്ചു.
കൊച്ചി പ്രത്യേക സാമ്പത്തിക മേഖല 1986ല്‍ 94 ലക്ഷം രൂപയുടെ കയറ്റുമതിയാണ് നടത്തിയതെങ്കില്‍ 2007ല്‍ അത് 4652 കോടി രൂപയായി ഉയര്‍ന്നു.
2006 ലെ കയറ്റുമതി 1037.52 കോടിയായിരുന്നു. 5034 സ്ത്രീകള്‍ ഉള്‍പ്പെടെ 11,358 പേരാണ് പ്രത്യേക സാമ്പത്തിക മേഖലയില്‍ വിവിധ യൂണിറ്റുകളിലായി ജോലി ചെയ്യുന്നത്.
101 വ്യവസായ യൂണിറ്റുകളാണ് 103 ഏക്കറിലുള്ള സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. കൊച്ചി മേഖല അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ രാജ്യത്തെ ഏറ്റവും മികച്ചതാണ് .
25 മെഗാവാട്ട് സബ്സ്റ്റേഷന്‍, മാലിന്യ സംസ്കരണ പ്ലാന്റ്, മുഴുവന്‍ സമയം കസ്റ്റംസ് ക്ലിയറന്‍സ് സൗകര്യം, ആയിരം ലൈനുകളുള്ള പ്രത്യേക ടെലിഫോണ്‍ എക്സേചേഞ്ച്, ആശുപത്രി, സ്റ്റുഡിയോ, ഫോറിന്‍ പോസ്റ്റ് ഓഫീസ്, എ.ടി.എം സൗകര്യത്തോട് കൂടിയ വിവിധ ബാങ്ക് ശാഖകള്‍ എന്നിവയും കാക്കനാടുള്ള പ്രത്യേക സാമ്പത്തിക മേഖലയിലുണ്ട്.
മൂന്നര ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ടെക്നോ പൊലീസ് എന്ന സോഫ്ട്‌വെയര്‍ പാര്‍ക്ക് സ്വകാര്യ പങ്കാളിത്തത്തോടെയാണ് പൂര്‍ത്തിയാക്കിയത്.
കൂടുതല്‍ വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനായി സാമ്പത്തിക മേഖല വികസിപ്പിക്കാനുള്ള പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിദേശ ഘനവ്യവസായങ്ങളാണ് കൊച്ചിയിലെത്തുന്നത്. സ്ഥല പരിമിതി വികസനത്തിന് തടയാവുന്നതിനാല്‍ സമീപ ജില്ലകളില്‍ സ്ഥലം അന്വേഷിക്കുന്നതായും അധികൃതര്‍ പറഞ്ഞു.