വിലകൂടിയെങ്കിലും പ്രയോജനമില്ല

PROPRO
സംസ്ഥാനത്തെ വിവിധ കാര്‍ഷിക വാണിജ്യ ഉല്‍പ്പന്നങ്ങള്‍ക്ക് വില ഗണ്യമായി വര്‍ദ്ധിച്ചെങ്കിലും സാധന ലഭ്യതയുടെ കുറവു മൂലം പ്രയോജനം ഉണ്ടാകുന്നില്ലെന്ന സ്ഥിതി ഉണ്ടായിരിക്കുന്നു. സംസ്ഥാനത്തെ പ്രധാന ഉല്‍പ്പന്നങ്ങളായ റബ്ബര്‍, തേങ്ങ, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ വ്യാപാരത്തിലാണ് ഈ സ്ഥിതിവിശേഷം ഉണ്ടായിരിക്കുന്നത്.

റബ്ബര്‍ വില എക്കാലത്തേയും ഉയര്‍ന്ന തോതിലെത്തിയിരിക്കുന്നു - കിലോയ്ക്ക് 107 രൂപ. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ റബ്ബര്‍ വില കിലോയ്ക്ക് 94 രൂപ മാത്രമാണുണ്ടായിരുന്നത്. ആഗോള വിപണിയില്‍ റബ്ബര്‍ വില കുതിച്ചുയരുകയാണ്. ഈ വര്‍ഷം റബ്ബര്‍ ഉല്‍പ്പാദനത്തില്‍ 30,000 ടണ്‍ കുറവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇത് റബ്ബര്‍ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം വില ഇനിയും വര്‍ദ്ധിപ്പിക്കും എന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ആഭ്യന്തര വിപണിയില്‍ ഓഫ് സീസണായതിനാല്‍ റബ്ബര്‍ ഉല്‍പ്പാദനവും നന്നേ കുറഞ്ഞത് കര്‍ഷകര്‍ക്ക് ഈ സ്ഥിതിവിശേഷം പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല.

അതുപോലെ ആഗോള ഭക്‍ഷ്യ എണ്ണ വിപണിയില്‍ പാമോയില്‍ വില ക്രമമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആഭ്യന്തര വിപണിയില്‍ പാമോയില്‍ വില കിലോയ്ക്ക് 70 രൂപയ്ക്ക് മുകളിലെത്തിക്കഴിഞ്ഞു. ഇത് ഫലത്തില്‍ വെളിച്ചെണ്ണയുടെയും തേങ്ങയുടെയും വില ഉയര്‍ത്താനാണ് സഹായിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ആവശ്യത്തിനനുസരിച്ച് കൊപ്രയോ നാളീകേരമോ ലഭ്യമാവാത്ത സ്ഥിതിയാണുള്ളത്. ഇത് വെളിച്ചെണ്ണ വിലയും വര്‍ദ്ധിപ്പിക്കും. നിലവില്‍ വെളിച്ചെണ്ണ വില 70 രൂപയോളമായി ഉയര്‍ന്നിട്ടുണ്ട്.

സംസ്ഥാനത്തെ സുഗന്ധവ്യഞ്ജനങ്ങളുടെ ഉല്‍പ്പാദന കുറവും ഈ സ്ഥിതിയിലേക്ക് തന്നെയാണ് വിരല്‍‌ചൂണ്ടുന്നത്. നിലവില്‍ സുഗന്ധവ്യഞ്ജനങ്ങളില്‍ പ്രധാനപ്പെട്ട ഇനമായ കുരുമുളകിന് വില 144 രൂപ വരെ ഉയര്‍ന്നു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കുരുമുളക് വില ശരാശരി 100 രൂപ മാത്രമായിരുന്നു.

എന്നാല്‍ ആഗോള വിപണിയില്‍ ഉല്‍പ്പാദനം ഈ വര്‍ഷം 15 ശതമാനം കണ്ട് കുറഞ്ഞത് കുരുമുളക് വിപണിയേയും ചൂടുപിടിപ്പിച്ചിരിക്കുകയാണ്. ഇന്തോനേഷ്യ, തായ്‌ലന്‍റ് എന്നിവിടങ്ങളില്‍ കുരുമുളക് ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞു. ഇന്ത്യയിലെ സ്ഥിതിയും മറിച്ചല്ല.

വില ക്രമമായി വര്‍ദ്ധിച്ചെങ്കിലും ആവശ്യമനുസരിച്ച് വിപണിയില്‍ ചരക്ക് എത്തിക്കാന്‍ കഴിയാതെ വിഷണ്ണരായി നില്‍ക്കുകയാണ് കര്‍ഷകര്‍. ഏലം, ഇഞ്ചി, ജാതിക്ക എന്നിവയുടെ സ്ഥിതിയും ഇതു തന്നെയാണിപ്പോള്‍.

ഇഞ്ച്ക്ക് നിലവിലെ വില കിലോയ്ക്ക് 77 രൂപ വരെ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 45 രൂപയായിരുന്നു. ഇക്കൊല്ലം ഇഞ്ചി ഉല്‍പ്പാദനം 30 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്.

അതുപോലെ ഏലക്കാ വില കഴിഞ്ഞ വര്‍ഷം ശരാശരി 314 രൂപയായിരുന്നത് ഇക്കൊല്ലം 600 രൂപ വരെ ഉയര്‍ന്നതായാണ് വ്യാ‍പാര കേന്ദ്രങ്ങള്‍ അറിയിക്കുന്നത്. ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 25 ശതമാനം കുറവാണ് ഏലം ഉല്‍പ്പാദനത്തില്‍ ഉണ്ടായത്.

ജാതിക്കാ ഉല്‍പ്പാദനം ഇക്കൊല്ലം 20 ശതമാനം കുറഞ്ഞത് കാരണം ആഭ്യന്തര വിപണിയില്‍ വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തൊണ്ടോടുകൂടിയ ജാതിക്കാ വില കിലോയ്ക്ക് ശരാശരി 190 രൂപയായിരുന്നത് ഇക്കൊല്ലം 245 രൂപയ്ക്ക് മുകളിലായിട്ടുണ്ട്.
WEBDUNIA| Last Modified ബുധന്‍, 12 മാര്‍ച്ച് 2008 (12:20 IST)




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :