aparna shaji|
Last Modified ബുധന്‍, 27 ഏപ്രില്‍ 2016 (18:23 IST)
കേരളം പൊള്ളുകയാണ്. തെരഞ്ഞെടുപ്പ്, വേനൽച്ചൂട്, വ്യാജമദ്യം എന്നിങ്ങനെ പോകുന്നു സംസ്ഥാനത്തെ ചൂടുള്ള വിഷയങ്ങള്‍. തെരഞ്ഞെടുപ്പ് അടുത്തതോടെ വ്യാജമദ്യത്തിന്റെ ഒഴുക്കും വര്‍ദ്ധിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വേനൽച്ചൂടില്‍ ഉരുകുന്ന കേരളത്തെ പിടിച്ചുകുലുക്കാൻ വ്യാജമദ്യദുരന്തം എത്തുമെന്ന ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ് സര്‍ക്കാരിന് ലഭിച്ചു കഴിഞ്ഞു.
സര്‍ക്കാരിന്റെ മദ്യനയം അട്ടിമറിക്കാന്‍ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് അബ്കാരികള്‍ വ്യാജമദ്യ ദുരന്തം സൃഷ്‌ടിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ട്. ഇതോടെ തെരഞ്ഞെടുപ്പ് കാലത്ത് ചൂടും മദ്യവും മലയാളിയെ കഷ്‌ടപ്പെടുത്തുമോ എന്ന ആശങ്കയിലാണ് സംസ്ഥാനം.
കൊടുംചൂട് വരാനിരിക്കുന്നതേ ഉള്ളൂ. കഴിഞ്ഞദിവസം കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇതോടനുബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടുത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ രാവിലെ 11 മണി മുതൽ ഉച്ചകഴിഞ്ഞ് മൂന്നു മണി വരെയുള്ള സമയത്തെ ചൂട് കൊള്ളാതിരിക്കുക എന്ന അറിയിപ്പ് കാലാവസ്ഥ വകുപ്പ് നല്കിയിട്ടുണ്ട്. കൊടുംചൂടിൽ സൂര്യാഘാതം ഏൽക്കുമെന്നതിനാലാണിത്.
പൊള്ളുന്ന ചൂടില്‍ സൂര്യാഘാതം ഏറ്റാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണമെന്നും നിര്‍ദ്ദേശമുണ്ട്. വെയില്‍ കൊള്ളുന്നത് മൂലം ക്ഷീണമോ, തളർച്ചയോ അനുഭവപ്പെട്ടാലും വൈദ്യസഹായം തേടിയിരിക്കണം. സാരമില്ല എന്നു കരുതി തള്ളിക്കളഞ്ഞാല്‍ പിന്നീട് മറ്റുചില ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമായേക്കാം. വരുംദിവസങ്ങളിൽ സംസ്ഥാനം ചുട്ടുപൊള്ളുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വ്യാജമദ്യവും കൊടുംചൂടും കേരളത്തെ വിഴുങ്ങിക്കഴിഞ്ഞു. ചൂടുകാലത്ത് ശരീരത്തിന് ഒട്ടും ചേരുന്നതല്ല മദ്യം. അതുകൊണ്ട്, മദ്യം ഒഴിവാക്കിയാല്‍ തന്നെ പകുതി ചൂടിൽ നിന്ന് രക്ഷ നേടാനും കഴിയും.