സ്‌പാനിഷ് ലീഗില്‍ ബാഴ്‌സ ഇന്ന് ബില്‍ബാവോയ്ക്കെതിരേ
ബില്‍ബാവോ|
WEBDUNIA|
PRO
PRO
സ്‌പാനിഷ് ലീഗില്‍ ബാഴ്‌സലോണ ഇന്ന് ബില്‍ബാവോയെ നേരിടും. ചാമ്പ്യന്‍സ് ലീഗില്‍ അയാക്‍സിനോട് പരാജയപ്പെട്ടതിന്റെ ആഘാതത്തില്‍നിന്ന് രക്ഷ നേടാന്‍ ബാഴ്‌സയ്ക്ക് ജയം അനിവാര്യമാണ്. എന്നാല്‍ ജയം ബാഴ്‌സയ്ക്ക് അത്ര എളുപ്പമല്ല. പരുക്കേറ്റ സൂപ്പര്‍താരം ലയണല്‍ മെസിയുടെ അഭാവം തന്നെയാണ് ചാമ്പ്യന്‍മാരെ വലയ്‌ക്കുന്ന മുഖ്യഘടകം. മെസിക്കൊപ്പം ബാഴ്‌സയുടെ ഗോള്‍വലയ്‌ക്കുമുന്നിലെ വിശ്വസ്‌തന്‍ വിക്‌ടര്‍ വാള്‍ഡേസും പരുക്കിന്റെ പിടിയിലാണെന്നത് എതിരാളികളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. എന്നാല്‍ 2006 മേയില്‍ 3-1 ന് ബില്‍ബാവോയ്‌ക്കു മുന്നില്‍ കീഴടങ്ങേണ്ടിവന്നിട്ടില്ലെന്ന ആത്മവിശ്വാസത്തിലാകും ബാഴ്‌സലോണ ഇന്നു കളത്തിലിറങ്ങുക.
കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ സൈഡ് ബെഞ്ചിലിരുന്ന ഡാനി ആല്‍വ്‌സ് ബില്‍ബാവോയ്‌ക്കെതിരേ ബൂട്ടണിഞ്ഞേക്കില്ല. കാല്‍വണ്ണയ്‌ക്കേറ്റ പരുക്കാണ് ആല്‍വ്‌സിനു വിനയായത്. പേശിവലിവിനേത്തുടര്‍ന്ന് ജോര്‍ഡി ആല്‍ബയും കളിക്കുന്ന കാര്യം സംശയമാണ്. മിഡ്‌ഫീല്‍ഡര്‍മാരായ ജൊനാഥന്‍ ഡോസ് സാന്റോസും ഐസക് ക്യൂയെന്‍കയും ദീര്‍ഘനാളായി അവസാന പതിനൊന്നില്‍ ഇടംപിടിച്ചിട്ടേയില്ല. കാല്‍ക്കുഴയ്‌ക്കേറ്റ പരുക്കാണ് ഇരുവരെയും വലയ്‌ക്കുന്നത്. സസ്‌പെന്‍ഷനു ശേഷം മടങ്ങിയെത്തുന്ന അലക്‌സിസ് സാഞ്ചെസ് ടീമിനു കരുത്തേകുമെന്നതു മാത്രമാണ് ആശ്വാസം പകരുന്ന വാര്‍ത്ത.
ചൊവ്വാഴ്‌ച നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ നാല്‍പതു മിനിട്ടിലേറെ സമയം പത്തുപേരുമായി കളിച്ച അയാക്‌സിനെ കീഴടക്കാന്‍ കഴിയാതിരുന്നത് ബാഴ്‌സ ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. രണ്ടാം പകുതിയില്‍ സാവി നേടിയ പെനാല്‍റ്റി ഗോള്‍ അവരുടെ തോല്‍വിഭാരം കുറച്ചെന്നുമാത്രം.ലാലിഗയില്‍ കഴിഞ്ഞ പതിനാലു മത്സരങ്ങളിലും ബാഴ്‌സ പരാജയമെന്തെന്നറിഞ്ഞിട്ടില്ല. 13 മത്സരങ്ങളിലും വിജയമധുരം നുകര്‍ന്ന കറ്റാലന്‍ പടയ്‌ക്ക് ഒരുമത്സരത്തില്‍ സമനില വഴങ്ങേണ്ടിവന്നു. 40 പോയിന്റുമായി ബാഴ്‌സലോണ തന്നെയാണ് മുന്നില്‍. 37 പോയിന്റുമായി പട്ടികയില്‍ രണ്ടാമതുള്ള അത്‌ലെറ്റികോ മാഡ്രിഡുമായുള്ള അന്തരം കുറയ്‌ക്കാതെ നിലനിര്‍ത്തണമെങ്കില്‍ ബില്‍ബാവോയുമായുള്ള മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ബാഴ്സയെ സഹായിക്കുകയുമില്ല.