ഇന്ത്യയുടെ പ്രാര്‍ത്ഥന വിഫലമായി. ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ സെമിഫൈനലില്‍ പി വി സിന്ധു പരാജയപ്പെട്ടു. തായ്‌ലന്‍ഡിന്‍റെ റാച്ചനോക്കാണ് സിന്ധുവിനെ വീഴ്ത്തിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധുവിനെ റാച്ചനോക്ക് പരാജയപ്പെടുത്തിയത്.
സ്കോര്‍: 21-10, 21-13
ആദ്യ ഗെയിമില്‍ തീര്‍ത്തും ഏകപക്ഷീയമായ നേട്ടമാണ് തായ് താരം കൊയ്തത്. എന്നാല്‍ രണ്ടാം ഗെയിമില്‍ സിന്ധു പോരാടി നോക്കിയെങ്കിലും വലിയ മുന്നേറ്റം നടത്താനായില്ല. ഇതോടെ സിന്ധുവിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. എന്നാല്‍ ഇന്ത്യയുടെ ബാറ്റ്‌മിന്‍റണ്‍ രംഗത്തിന് ഇതുതന്നെ വലിയ പ്രചോദനമാണ്. ലോകചാമ്പ്യന്‍പ്പിലെ സിംഗിള്‍സില്‍ വെങ്കലം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് സിന്ധു.
ആദ്യകളികളില്‍ ചൈനയുടെ താരങ്ങളെ അട്ടിമറിച്ചാണ് പി വി സിന്ധു സെമിയിലെത്തിയത്. എന്നാല്‍ ആ ഊര്‍ജ്ജം സെമിയില്‍ സിന്ധുവില്‍ കണ്ടില്ല. ക്ഷീണിതയായ സിന്ധുവിനെയാണ് കോര്‍ട്ടില്‍ കണ്ടത്. അതുമുതലാക്കിയ തായ് താരം വിജയം പിടിച്ചടക്കുകയായിരുന്നു.
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരവുമാണ് സിന്ധു. നേരത്തെ പ്രകാശ് പദുകോണും, ജ്വാല-അശ്വനി സംഖ്യവും മെഡല്‍ നേടിയിട്ടുണ്ട്. ഹൈദരാബാദില്‍ നിന്നുള്ള സിന്ധുവിന്‍റെ മാതാപിതാക്കള്‍ വോളിബോള്‍ താരങ്ങളായിരുന്നു. സിന്ധുവിന്‍റെ പിതാവിന് അര്‍ജ്ജുന അവാര്‍ഡും ലഭിച്ചിട്ടുണ്ട്.