ലിംഗ വ്യത്യാസം ഇനി പ്രശ്നമാവില്ല: ശാന്തിക്ക് കോച്ചാവാം

ബാംഗ്ളൂര്‍| WEBDUNIA|
PRO
ലിംഗ പരിശോധനയില്‍ പരാജയപ്പെട്ട് ഏഷ്യന്‍ഗെയിംസ് മെഡല്‍ ഊരി നല്‍കി അവഗണനയും അധിക്ഷേപവും നേരിട്ട ശാന്തിക്ക് പട്യാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സ്പോര്‍ട്സില്‍ കോച്ചിംഗ് ഡിപ്ളോമ കോഴ്സിന് ചേരാന്‍ കേന്ദ്ര കായിക മന്ത്രാലയം പ്രത്യേക പരിഗണന നല്‍കി.

2006 ലെ ഏഷ്യന്‍ഗെയിംസില്‍ 800 മീറ്ററില്‍ വെള്ളി മെഡല്‍ നേടിയതിന് പിറകെയാണ് ലിംഗവിവാദമുണ്ടാകുന്നത്. പുരുഷ ഹോര്‍മോണുകളുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ശാന്തിക്ക് ആരോപണം നേരിടേണ്ടി വന്നത്.

കോഴ്സിനുള്ള അപേക്ഷാഫാമിലെ ആണോ പെണ്ണോ എന്ന കോളം പൂരിപ്പിക്കാനാകാത്തതിനാലാണ് ശാന്തിക്ക് പ്രവേശനം നിഷേധിച്ചത്. തമിഴ്നാട് അത്‌ലറ്റിക്സ് അസോസിയേഷനില്‍ കോച്ചായി ജോലിനോക്കിയെങ്കിലും എന്‍ഐഎസ് ഡിപ്ളോമ ഇല്ലെങ്കില്‍ കോച്ചായി തുടരാനാകില്ല എന്ന വ്യവസ്ഥയായതോടെ ട്രാക്ക് വിടേണ്ടിവന്നു.

ചുടുക്കട്ടക്കമ്പനിയില്‍ തൊഴിലാളിയായി ജീവിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോഴാണ് കേന്ദ്രമന്ത്രിയായിരുന്ന അജയ് മാക്കന്‍ ശിപ്ളോമ കോഴ്സ് പ്രവേശനം വാഗ്ദാനം ചെയ്തത്. കഴിഞ്ഞമാസം കായികമന്ത്രാലയം ശാന്തിക്ക് അനുകൂലമായി തീരുമാനമെടുക്കാന്‍ആവശ്യപ്പെടുകയായിരുന്നു. പട്യാലയിലെ ഹോസ്റ്റലില്‍ ശാന്തിക്ക് പ്രത്യേക മുറി നല്‍കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ലിംഗപരിശോധനയുടെ പേരില്‍ ശാന്തിയെ ഇനിയും പീഡിപ്പിക്കുന്നതിന് താന്‍ എതിരാണെന്ന് സായ്‌യുടെ പുതിയ ഡയറക്ടര്‍ മലയാളിയായ ജിജി തോംസണ്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :