മങ്കി ഗേറ്റില്‍ കുംബ്ലൈയുടെ പുസ്തകവും വരുന്നു

ബാംഗ്ലൂര്‍| WEBDUNIA| Last Modified ശനി, 19 ഒക്‌ടോബര്‍ 2013 (15:40 IST)
PRO
‘മങ്കി ഗേറ്റ്‘ വിവാദമുണ്ടായ 2008-ലെ സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ പങ്ക്, തന്റെ പുസ്തകത്തിലൂടെ തുറന്നുകാട്ടുമെന്ന് അക്കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനായിരുന്ന അനില്‍ കുംബ്ലെ.

ഈ ടെസ്റ്റില്‍ ഓസീസ് താരം ആന്‍ഡ്രൂ സൈമണ്ട്‌സിനെ ഹര്‍ഭജന്‍ സിങ് 'കുരങ്ങന്‍' എന്നുവിളിച്ച് ആക്ഷേപിച്ചെന്ന ആരോപണം വന്‍ വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് ഹര്‍ഭജന് മാച്ച് റഫറ മൂന്ന് ടെസ്റ്റുകളില്‍ വിലക്ക് കല്പിച്ചു.

നടപടിക്കെതിരെ അപ്പീല്‍ നല്കിയ ടീം ഇന്ത്യ, പരമ്പര മതിയാക്കി നാട്ടിലേക്ക് മടങ്ങുമെന്ന് മുന്നറിയിപ്പും നല്കി. അപ്പീല്‍ കേട്ട ജസ്റ്റിസ് ഹാന്‍സണ്‍ ഹര്‍ഭജന്റെ വിലക്ക് നീക്കി പകരം പിഴശിക്ഷ വിധിക്കുകയായിരുന്നു.

അപ്പീലിന്മേല്‍ നടന്ന വിചാരണയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മൊഴിയാണ് ഹര്‍ഭജന്റെ ശിക്ഷ ഇളവുചെയ്യാന്‍ വഴിവെച്ചത്. സച്ചിന്‍ മൊഴി നല്കിയതിനെതിരെ ഓസീസ് നായകന്‍ റിക്കി പോണ്ടിങ് തന്റെ ജീവചരിത്ര പുസ്തകമായ 'ദി ക്ലോസ് ഓഫ് പ്ലേ'യില്‍ സച്ചിനെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു.

സച്ചിന്റെ വിരമിക്കല്‍ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കെയുണ്ടായ പോണ്ടിംഗിന്റെ വിമര്‍ശനം ആരാധകര്‍ക്കിടയില്‍ പ്രതിഷേധമുണ്ടാക്കിയിരുന്നു. പോണ്ടിംഗിന്റെ വിമര്‍ശനത്തിനൊരു പ്രതികരണം കൂടിയായേക്കാം ഈ പുസ്തകം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :