തോമസ് മാഷ് ദ്രോണാചാര്യ അവാര്‍ഡിന് അര്‍ഹനല്ലയെന്ന് ആരോപിച്ച് കായികമന്ത്രാലയത്തിന് കത്ത്

ന്യൂഡല്‍ഹി| WEBDUNIA|
PRO
കെപി തോമസ് മാഷിന് നല്‍കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുന്‍ അത്‌ലറ്റും അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ സെലക്‌ഷന്‍ പാനല്‍ മുന്‍ മേധാവിയുമായ ഗുര്‍ബച്ചന്‍ സിഗ് രാണ്‍ധാവ കായികമന്ത്രാലയത്തിന് പരാതി നല്‍കി.

മികച്ച പ്രകടനം കാഴ്‌ചവച്ച ധാരാളം പരിശീലകര്‍ രാജ്യത്തുള്ളപ്പോള്‍ അര്‍ഹതയില്ലാത്ത ചിലര്‍ക്ക് സ്വാധീനത്തിന്റെ പേരില്‍ അവാര്‍ഡ് ലഭിക്കുന്നത് ചട്ടങ്ങളുടെ ലംഘനമാണെന്ന് രാണ്‍ധാവ കത്തില്‍ പറയുന്നു. തോമസ് മാഷിന് അവാര്‍ഡ് നല്‍കുമെന്നത് അറിഞ്ഞ് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഞെട്ടിപ്പോയെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

തോമസ് മാഷ് ഒരു ദേശീയ ക്യാമ്പിലോ പ്രധാനപ്പെട്ട അന്താരാഷ്‌ട്ര അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലോ പങ്കെടുത്തിട്ടില്ലെന്ന് കത്തില്‍ പറയുന്നു. അത്‌ലറ്റിക് ഫെഡറേഷന്‍ ഒരു ദേശീയ ക്യാമ്പിലും തോമസിന്റെ സേവനം ഉപയോഗിച്ചിട്ടില്ല. അഞ്ജു ബോബി ജോര്‍ജ്ജ്, ഷൈനി വില്‍സണ്‍, ജിന്‍സി ഫിലിപ്പ് എന്നിവരെ കരിയറിന്റെ തുടക്കത്തില്‍ പരിശീലിപ്പിച്ചതല്ലാതെ തോമസ് മാഷിന് മറ്റൊന്നും അവകാശപ്പെടാനില്ലെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

രാജ്യത്ത് ഇത്തരത്തിലുള്ള നൂറ് കണക്കിന് ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഇന്‍സ്ട്രക്‌ടര്‍മാര്‍ ഉണ്ടെന്നും അവര്‍ക്കെല്ലാം ദ്രോണാചാര്യ നല്‍കാന്‍ സാധിക്കുമോ എന്നും കത്തില്‍ ചോദിക്കുന്നു. തോമസ് മാഷിന്റെ യോഗ്യതകള്‍ പരിശോധിച്ച് ഉറപ്പാക്കുന്നതുവരെ അവാര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിക്കരുതെന്നും കായികമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :