കൊച്ചി|
Last Modified ശനി, 13 ഡിസംബര്‍ 2014 (21:19 IST)
ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളിലെ ആദ്യപാദ സെമിയിൽ ചെന്നൈയിന്‍ എഫ് സിയെ തകര്‍ത്ത് കേരളാ ബ്ലാസ്റ്റേഴ്സിന് വമ്പന്‍ വിജയം. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് കേരളം ചെന്നൈയിന്‍ എഫ് സിയെ മുട്ടുകുത്തിച്ചത്.
ഇരുപത്തേഴാം മിനിറ്റിൽ ഇഷ്ഫഖ് അഹമ്മദും ഇരുപത്തൊമ്പതാം മിനിറ്റിൽ ക്യാപ്റ്റൻ ഇയാന്‍ ഹ്യൂമുമാണ് ചെന്നൈയുടെ വല ചലിപ്പിച്ചത്. കളിയുടെ അവസാനഘട്ടത്തില്‍ കേരളത്തിന്‍റെ സുഷാന്ത് മാത്യുവും ഗോളടിച്ചതോടെ ഫൈനലിലേക്കുള്ള ആദ്യ ചുവടാണ് കേരളം ഉറപ്പിച്ചത്.
കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഹോംഗ്രൗണ്ടിന്റെ മുഴുവന്‍ ആനുകൂല്യവും മുതലാക്കുന്ന തരത്തിലാണ് ബ്ളാസ്റ്റേഴ്സ് കളിച്ചത്. മികച്ച മുന്നേറ്റത്തിനൊപ്പം ആക്രമണവും കൂടിച്ചേര്‍ന്നതായിരുന്നു കൊമ്പന്മാരുടെ നീക്കങ്ങള്‍. കളിയുടെ തുടക്കത്തില്‍ മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ചെന്നൈയുടെ പ്രതിരോധത്തില്‍ തട്ടി അവസാനിക്കുകയായിരുന്നു. ആക്രമണവും പ്രതിരോധവും ഒരു പോലെ ശക്തമായിട്ടുള്ള ചെന്നൈയിന്‍ എഫ് സിയെ കടുത്ത പ്രതിരോധം തീര്‍ത്താണ് ബ്ളാസ്റ്റേഴ്സ് തടഞ്ഞത്.
ഐ എസ് എല്ലിലെ ഏറ്റവും ശക്തമായ ടീമിനെയാണ് ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞത് എന്നത് കേരള ടീമിന്‍റെ കരുത്തറിയിക്കുന്നു.
കേരളാ ബ്ളാസ്റ്റേഴ്സ്
ഉടമ സച്ചിന്‍ തെന്‍ഡുല്‍ക്കറും യുവരാജ് സിംഗും സഹീര്‍ഖാനും കളി കാണാന്‍ എത്തിയതും സ്‌റ്റേഡിയം നിറഞ്ഞ അറുപത്തൊന്നായിരത്തോളം കാണികളുമാണ് ബ്ലാസ്റ്റേഴ്സിന്‍റെ വിജയത്തിന്
ആവേശം പകര്‍ന്നത്.
രണ്ടാം പാദ സെമി പതിനാറാം തീയതി ചെന്നൈയിലാണ് നടക്കുന്നത്. അവിടെ ചെറിയ രീതിയിലോ, ഇനി രണ്ടു ഗോളുകള്‍ക്കോ പരാജയപ്പെട്ടാലും കേരളത്തിന്‍റെ ഫൈനല്‍ പ്രതീക്ഷയ്ക്ക് അത് വലിയ തടസമുണ്ടാക്കില്ല.