ചര്‍ച്ചിലിന് ഇനി മുസ്ലി ‘പവറി’ല്ല

പനജി| WEBDUNIA|
PRO
ആകാശപീഡനത്തില്‍ ഉള്‍പ്പെട്ട ചര്‍ച്ചില്‍ ബ്രദേഴ്സ് ഫുട്ബോള്‍ ക്ലബ്ബിന്‍റെ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് മുസ്ലി പവര്‍ പിന്‍‌മാറി. ആ‍കാശപീഡന വിവാദം ചര്‍ച്ചില്‍ ഫുട്ബോള്‍ ക്ലബ്ബിനു മാത്രമല്ല സ്പോണ്‍സര്‍മാരെന്ന നിലയില്‍ തങ്ങളുടെയും സല്‍‌പ്പേരിനെ ബാധിക്കുമെന്നതിനാലാണ് പിന്‍‌മാറ്റമെന്ന് കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍ ഉടമ കെ സി എബ്രഹാം പറഞ്ഞു.

18 കോടി രൂപയ്ക്കാണ് മുസ്ലി പവര്‍ ചര്‍ച്ചിലിനെ സ്പോണ്‍സര്‍ ചെയ്തിരുന്നത്. മുസ്ലിപവറില്‍ നിന്ന് പ്രതിവര്‍ഷം അഞ്ചു കോടി രൂപയായിരുന്നു സ്പോണ്‍സര്‍ഷിപ്പ് വഴി ചര്‍ച്ചിലിന് ലഭിച്ചുകൊണ്ടിരുന്നത്. കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍‌സിന്‍റെ ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചില്‍ ബ്രദേഴ്സ് ക്ലബ്ബ് അധികൃതരും നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് തീരുമാനം.

അതേ സമയം ഈ വിവാദം ചര്‍ച്ചില്‍ ബ്രദേഴ്സിന്‍റെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദ്യേശിച്ചുകൊണ്ടുള്ളതാണെന്ന് ക്ലബ്ബ് ഉടമ ചര്‍ച്ചില്‍ അലിമാവൊ പറഞ്ഞു. ക്ലബ്ബിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരേ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും അലിമാവൊ പറഞ്ഞു.

ഐ ലീഗ് മത്സരത്തില്‍ പങ്കെടുക്കാനായി കഴിഞ്ഞ ദിവസം ഗോവയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് യാത്ര ചെയ്യവേ ചര്‍ച്ചിലിന്‍റെ നായകന്‍ ഒഡാഫേ ഒന്യേക ഒകോളിയും മറ്റൊരു താരവും ടീം മാനേജരും ചേര്‍ന്ന് എയര്‍ ഹോസ്റ്റസിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഇവരെ അറസ്റ്റ് ചെയ്ത പൊലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :