ഫിലാഡെല്‍ഫിയ|
WEBDUNIA|
Last Modified ഞായര്‍, 19 ജൂലൈ 2009 (16:44 IST)
ഹോണ്ടുറസും അമേരിക്കയും ഗോള്‍ഡ് കപ്പ് ഫുട്ബോള്‍ സെമിഫൈനലില്‍. കാനഡയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഹോണ്ടുറസ് സെമിയില്‍ കടന്നത്. ആദ്യ പകുതിയില്‍ വാള്‍ട്ടര്‍ മാര്‍ട്ടിനെസ് നേടിയ പെനല്‍റ്റി ഗോളിലൂടെയാണ് ഹോണ്ടുറസ് വിജയ ഗോള്‍ നേടിയത്.
കളിയുടെ മുപ്പത്തിയാറാം മിനുറ്റിലാണ് ഹോണ്ടുറസിന് അനുകൂലമായ പെനാല്‍റ്റി കിക്ക് ലഭിച്ചത്. പ്രതിരോധ താരം പോള്‍ സ്റ്റാള്‍റ്റിയേരിയുടെ പരുക്കന്‍ നീക്കമാണ് കാനഡയുടെ തോല്‍വിക്ക് കാരണമായത്. ആദ്യ പകുതിയില്‍ തന്നെ ഗോള്‍ വീണതിനെ തുടര്‍ന്ന് ഉണര്‍ന്ന് കളിച്ച കാനഡ രണ്ടാം പകുതിയില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഹോണ്ടുറസ് പ്രതിരോധത്തില്‍ തട്ടി തകരുകയായിരുന്നു.
അമ്പത്തിയാറാം മിനുറ്റില്‍ കനേഡിയന്‍ സ്ട്രൈക്കര്‍ പാട്രിസ് ബെര്‍ണിയര്‍ മികച്ചൊരു മുന്നേറ്റം നടത്തിയെങ്കിലും ഹോണ്ടുറസ് ഗോള്‍ കീപ്പര്‍ ദോനിസ് എസ്കോബര്‍ ഡൈവിംഗിലൂടെ തഞ്ഞിട്ടു. 1991 ഫൈനലില്‍ അമേരിക്കയൊടു തോറ്റു കിരീടം നഷ്ടപ്പെട്ട ഹോണ്ടുറസ് 2005ല്‍ സെമിഫൈനല്‍ വരെ എത്തിയിരുന്നു.
മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ അമേരിക്ക പനാമയെ 2-1ന് കീഴടക്കി സെമിയിലെത്തി. കളിയുടെ നൂറ്റിയഞ്ചാം മിനുറ്റില്‍ കെന്നി കൂപ്പര്‍ നേടിയ ഗോളിലൂടെയാണ് അമേരിക്ക വിജയം കരസ്തമാക്കിയത്. ആദ്യ പകുതിയിലെ അധിക സമയത്താണ് പനാമ ഗോള്‍ നേടിയത്.
ബ്ലാസ് പെരേസിലൂടെ പനാമ ആദ്യ ഗോള്‍ നേടിയെങ്കിലും നാല്പത്തിയെട്ടാം മിനുറ്റില്‍ കിലെ ബെക്കര്‍മാന്‍ സമനില ഗോളിലൂടെ അമേരിക്ക തിരിച്ചടിച്ചു. ഗോള്‍ഡ് കപ്പില്‍ രണ്ടു തവണ ചാമ്പ്യന്മാരായ ടീമാണ് അമേരിക്ക. ഇന്ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ ഗ്വാഡെല്പ് കോസ്റ്ററിക്കയെയും മെക്സികോ ഹെയ്തിയെയും നേരിടും. ജൂലൈ ഇരുപത്തിയാറിനാണ് ഫൈനല്‍.