കൊറിയക്കെതിരെ പ്രതിഷേധം ശക്തം

സിയോള്‍| WEBDUNIA| Last Modified ശനി, 28 മാര്‍ച്ച് 2009 (18:39 IST)
ഐക്യരാഷ്ട്ര സഭയുടെ നിയമം ലംഘിച്ച് മിസൈല്‍ പരീക്ഷിക്കാനുള്ള ഉത്തരകൊറിയയുടെ നീക്കത്തിനെതിരെ യു എന്‍ രക്ഷാസമിതിയെ സമീപിക്കുമെന്ന് ജപ്പാന്‍, അമേരിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ വ്യക്തമാക്കി.

വാഷിംഗ്ടണില്‍ മൂന്ന് രാജ്യങ്ങളും നടത്തിയ കൂടിക്കാഴ്ചയിലാണ് മിസൈല്‍ പരീക്ഷണത്തിനെതിരെ രക്ഷാസമിതിയെ സമീപിക്കാന്‍ ധാരണയായത്. പ്രശ്നം യുഎന്‍ സമിതിയുമായി ഉടന്‍ ചര്‍ച്ച ചെയ്യുമെന്ന് ജപ്പാന്‍റെ ആണവോര്‍ജ്ജ വക്താവ് അകിറ്റാക സൈകി അറിയിച്ചു.

എന്നാല്‍ ഏപ്രില്‍ നാലിനും എട്ടിനും ഇടയില്‍ മിസൈല്‍ പരീക്ഷണം നടത്തുമെന്ന നിലപാടില്‍ ഉത്തര കൊറിയ ഉറച്ചു നില്‍ക്കുകയാണ്. വാര്‍ത്താ വിനിമയ ഉപഗ്രഹമാണ് വിക്ഷേപിക്കുന്നതെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരകൊറിയക്ക് പിന്തുണയുമായി റഷ്യ രംഗത്തെത്തിയിട്ടുണ്ട്. സമാധാനപരമായി മിസൈല്‍ പരീക്ഷണത്തിന് അവര്‍ക്ക് അവകാശമുണ്ടെന്ന് റഷ്യ വ്യക്തമാക്കി.

അതേസമയം പരീക്ഷണ സമയത്ത് മിസൈല്‍ വെടിവച്ചിടാന്‍ ജപ്പാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ജപ്പാന്‍റെ നടപടി യുദ്ധം ക്ഷണിച്ചുവരുത്തുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ദീര്‍ഘദൂര മിസൈല്‍ പരീക്ഷണത്തിനാണ് ഉത്തരകൊറിയ തയ്യാറെടുക്കുന്നതെന്നാണ് അമേരിക്ക, ജപ്പാന്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങള്‍ ആരോപിക്കുന്നത്. എന്നാല്‍ വാര്‍ത്താ വിനിമയ ഉപഗ്രഹ വിക്ഷേപണത്തിന് മാത്രമാണ് ലക്‍ഷ്യമിടുന്നതെന്ന് ഉത്തരകൊറിയ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

വാര്‍ത്താവിനിമയ ഉപഗ്രഹ വിക്ഷേപണത്തിന് പൂര്‍ണ്ണ സജ്ജമായതായി കഴിഞ്ഞ ദിവസവും ഉത്തരകൊറിയ അറിയിച്ചിരുന്നു. ഉത്തരകൊറിയയുടെ സ്പെയ്സ്‌ ടെക്നോളജീസ് ഏജന്‍സിയാണ് ഉപഗ്രഹ വിക്ഷേപണത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി അറിയിച്ചത്.

എന്നാല്‍ ഏറ്റവും പുതിയ ടീപോഡോങ്-2 എന്ന ദീര്‍ഘദൂര മിസൈല്‍ പരീക്ഷണമാണിതെന്നാണ് ആരോപിക്കുന്നത്. ചൈനയുടെ പിന്തുണയോടെയാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണത്തിന് തയ്യാറെടുക്കുന്നതെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.

2006ല്‍ 4200 മൈല്‍ ദൂരപരിധിയുള്ള ബാലിസ്റ്റിക്‌ മിസൈല്‍ ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. തുടര്‍ന്ന് യുഎന്‍ സുരക്ഷാ കൌണ്‍സില്‍ ഉത്തരകൊറിയക്ക് മിസൈല്‍ പരീക്ഷണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അന്നത്തെ പരീക്ഷണം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഉത്തരകൊറിയയുടെ പുതിയ നീക്കം എന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :