അന്ന് ജന്തര്‍ മന്തറിലൂടെ മോദി ഭരണകൂടം വലിച്ചിഴച്ചു, ഇന്ന് ഇന്ത്യയുടെ അഭിമാനം; ക്രഡിറ്റെടുക്കാന്‍ വരുന്നവര്‍ അകലം പാലിക്കുക !

സമരം നടക്കുമ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ഫോഗട്ടിനെ പരിഹസിച്ച ബിജെപി അനുകൂലികള്‍ പോലും ഇന്ന് താരത്തിന്റെ ഒളിംപിക്‌സ് നേട്ടത്തില്‍ പ്രശംസകള്‍ കൊണ്ട് മൂടുകയാണ്

Vinesh Phogat
രേണുക വേണു| Last Modified ബുധന്‍, 7 ഓഗസ്റ്റ് 2024 (08:12 IST)
Vinesh Phogat

പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ അഭിമാനമായിരിക്കുകയാണ് ഗുസ്തി താരം വിനേഷ് ഫോഗട്ട്. വനിത ഗുസ്തിയുടെ സെമി ഫൈനലില്‍ ക്യൂബയുടെ യുസ്‌നേയ്‌ലിസ് ഗുസ്മാനെ 5-0 ത്തിനു തോല്‍പ്പിച്ച് വിനയ് ഫോഗട്ട് ഫൈനലില്‍ എത്തിയിരിക്കുകയാണ്. ഇന്ത്യക്കായി 'സ്വര്‍ണമല്ലെങ്കില്‍ വെള്ളി' ഫോഗട്ട് ഉറപ്പിച്ചു കഴിഞ്ഞു. ഫോഗട്ടിനെ അഭിനന്ദിക്കാന്‍ തിരക്കുകൂട്ടുകയാണ് ഇന്ത്യയിലെ ഭരണനേതൃത്വം മുതല്‍ താഴോട്ടുള്ള ഓരോ കായികപ്രേമികളും. എന്നാല്‍ ഇന്ന് ഫോഗട്ടിനായി കൈയടിക്കുന്ന പലരും കഴിഞ്ഞ വര്‍ഷം അവരെ പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തിട്ടുള്ളവരാണ്.

ആഗോള തലത്തില്‍ ഇന്ത്യയെ വലിയ പ്രതിരോധത്തിലാക്കിയ ഗുസ്തി താരങ്ങളുടെ ജന്തര്‍ മന്തിര്‍ സമരത്തില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന താരമാണ് ഫോഗട്ട്. ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഫോഗട്ട് അടക്കമുള്ള ഗുസ്തി താരങ്ങള്‍ അന്ന് സമരം ചെയ്തത്. വനിത അത്ലറ്റുകള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു ബ്രിജ് ഭൂഷണിനെതിരായ ആരോപണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെയും ലൈംഗിക അതിക്രമം നടത്തിയെന്നും വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംപി കൂടിയായിരുന്നു ബ്രിജ് ഭൂഷണ്‍. ഇത് കേന്ദ്ര സര്‍ക്കാരിനെ വലിയ പ്രതിരോധത്തിലാക്കി. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്ക് എന്നിവര്‍ നേതൃത്വം നല്‍കിയ ജന്തര്‍ മന്തിര്‍ സമരത്തെ മോദി ഭരണകൂടം അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. ഡല്‍ഹി പൊലീസിനെ ഉപയോഗിച്ച് സമരം ചെയ്തിരുന്ന അത്‌ലറ്റുകളെ റോഡിലൂടെ വലിച്ചിഴയ്ക്കുക പോലും ചെയ്തത് വലിയ വിവാദമായി. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയുടെ ഉള്‍പ്പെടെ ബ്രിജ് ഭൂഷണിനെതിരായ ഏഴോളം ലൈംഗിക അതിക്രമ കേസുകള്‍ അധികാരികള്‍ നേരിട്ട് മുക്കികളഞ്ഞെന്നാണ് പ്രതിഷേധക്കാര്‍ ആരോപിച്ചത്. ഉത്തര്‍പ്രദേശിലെ ഏറ്റവും ശക്തനായ നേതാവ് ആയതുകൊണ്ട് ബ്രിജ് ഭൂഷണെ സംരക്ഷിക്കുകയായിരുന്നു ബിജെപി. ഗുസ്തി താരങ്ങള്‍ സമരം നടത്തിയിരുന്ന ജന്തര്‍ മന്തറിലെ സമരപ്പന്തല്‍ പൊലീസ് പൊളിച്ചുനീക്കിയത് ഏറെ വിവാദമായിരുന്നു.

ബിജെപി അനുകൂലികളായ നിരവധി പേര്‍ അന്ന് സോഷ്യല്‍ മീഡിയയിലൂടെ വിനേഷ് ഫോഗട്ടിനെ പരിഹസിച്ചിരുന്നു. അന്ന് തന്റെ വിരോധികളോട് ഫോഗട്ട് പറഞ്ഞത് ഇങ്ങനെയാണ്, 'പ്രിയപ്പെട്ട വിരോധികളേ, നിങ്ങളുമായി തര്‍ക്കിക്കാന്‍ എനിക്ക് കുറേ സമയം ഇനിയുമുണ്ട്. ഇപ്പോള്‍ ക്ഷമയോടെ ഇരിക്കൂ' ഇപ്പോള്‍ ഇതാ അവര്‍ക്കെല്ലാം തന്റെ പ്രകടനം കൊണ്ട് വായടപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ് ഫോഗട്ട്. ബ്രിജ് ഭൂഷണിനെതിരായ സമരം നടക്കുമ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ഫോഗട്ടിനെ പരിഹസിച്ച ബിജെപി അനുകൂലികള്‍ പോലും ഇന്ന് താരത്തിന്റെ ഒളിംപിക്‌സ് നേട്ടത്തില്‍ പ്രശംസകള്‍ കൊണ്ട് മൂടുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :