രേണുക വേണു|
Last Modified ബുധന്‍, 7 ഓഗസ്റ്റ് 2024 (07:40 IST)
പാരീസ് ഒളിംപിക്‌സ് ഹോക്കിയുടെ സെമി ഫൈനലില്‍ ജര്‍മനിയോടു തോല്‍വി വഴങ്ങി ഇന്ത്യ. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ തോല്‍വി. ഒരു ഗോളിനു ലീഡ് ചെയ്ത ശേഷമാണ് ഇന്ത്യ പിന്നിലേക്കു പോയത്. വെങ്കല മെഡലിനായുള്ള പോരാട്ടമാണ് ഇന്ത്യക്ക് ഇനി ശേഷിക്കുന്നത്.
മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങ്ങിലൂടെ ഇന്ത്യ മുന്നിലെത്തിയതാണ്. എന്നാല്‍ 18-ാം മിനിറ്റില്‍ ഗോണ്‍സാലോ പെല്ലറ്റിലൂടെ ജര്‍മനി തിരിച്ചടിച്ചു. 27-ാം മിനിറ്റില്‍ ക്രിസ്റ്റഫര്‍ റൂഹിലൂടെ ജര്‍മനി രണ്ടാം ഗോളും നേടി. 36-ാം മിനിറ്റില്‍ സുഖ്ജീത് സിങ്ങിലൂടെ ഇന്ത്യ സമനില ഗോള്‍ കണ്ടെത്തി. 54-ാം മിനിറ്റില്‍ മാര്‍കോ മില്‍കുവാണ് ജര്‍മനിക്കായി വിജയ ഗോള്‍ നേടിയത്.
തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുകയായിരുന്ന ഇന്ത്യക്ക് ജര്‍മനിയുടെ മേല്‍ ആധിപത്യം പുലര്‍ത്താന്‍ സാധിച്ചിരുന്നു. ആദ്യ ക്വാര്‍ട്ടറില്‍ ജര്‍മനി കളിയിലേ ഉണ്ടായിരുന്നില്ല. എന്നാല്‍ രണ്ടാം ക്വാര്‍ട്ടര്‍ മുതല്‍ ജര്‍മനി കളം പിടിക്കുന്ന കാഴ്ചയാണ് കണ്ടത്.
ഓഗസ്റ്റ് എട്ടിനു നടക്കുന്ന വെങ്കല പോരാട്ട മത്സരത്തില്‍ സ്‌പെയിന്‍ ആണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം വൈകിട്ട് 5.30 നാണ് മത്സരം.