36 വര്‍ഷത്തെ ആനന്ദിന്റെ ഒറ്റയാള്‍ ഭരണത്തിന് അവസാനം, ഫിഡെ റാങ്കിംഗില്‍ താരത്തെ പിന്തള്ളി 17കാരന്‍ ഇന്ത്യന്‍ വിസ്മയം

അഭിറാം മനോഹർ| Last Modified വെള്ളി, 4 ഓഗസ്റ്റ് 2023 (13:45 IST)
ചെസ് താരങ്ങളുടെ റാങ്കിംഗ് പട്ടികയില്‍ ഇന്ത്യയുടെ ഇതിഹാസതാരം വിശ്വനാഥന്‍ ആനന്ദിനെ മറികടന്ന് 17കാരന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഡി ഗുകേഷ്.ചെസ് ലോകകപ്പിലെ രണ്ടാം റൗണ്ട് മത്സരത്തില്‍ അസര്‍ബൈജാന്റെ മിസ്രാട്ഡിന്‍ ഇസ്‌കന്‍ഡറോവിനെ തോല്‍പ്പിച്ചതൊടെയാണ് ഫിഡെ റാങ്കിംഗില്‍ താരം വിശ്വനാഥന്‍ ആനന്ദിനെ മറികടന്നത്. വെറും 44 മൂവുകളിലായിരുന്നു ഗുകേഷിന്റെ വിജയം.

നിലവില്‍ ലോക ചെസ് റാങ്കിംഗില്‍ പത്താം സ്ഥാനത്തുള്ള വിശ്വനാഥന്‍ ആനന്ദിന് 2754.0 ഫിഡെ പോയിന്റാണുള്ളത്. ഒമ്പതാം സ്ഥാനത്തുള്ള ഗുകേഷിനാകട്ടെ 2755.9 ഫിഡെ പോയന്റുകളും. 1991ലാണ് ആനന്ദ് ആദ്യമായി ചെസ് റാങ്കിംഗില്‍ ആദ്യ പത്തിലെത്തിയത്. എന്നാല്‍ 1987 മുതല്‍ തന്നെ ഇന്ത്യയില്‍ നിന്നുമുള്ള താരങ്ങളില്‍ ചെസ് റാങ്കിംഗില്‍ ഏറ്റവും ഉയരത്തുള്ള താരമാണ് ആനന്ദ്. 1986ല്‍ പ്രവീണ്‍ തിപ്‌സെ ആനന്ദിന് മുന്നിലെത്തിയ ശേഷം മറ്റൊരു ഇന്ത്യന്‍ താരത്തിനും ലോക റാങ്കിംഗില്‍ ആനന്ദിനെ മറികടക്കാന്‍ സാധിച്ചിരുന്നില്ല. സെപ്റ്റംബര്‍ 1ന് പുറത്തുവരുന്ന അടുത്ത ഫിഡെ റാങ്കിംഗിലും ആനന്ദിന് മുന്നിലെത്താന്‍ ഗുകേഷിന് സാധിക്കുമോ എന്നതാണ് ചെസ് ലോകം ഉറ്റുനോക്കുന്നത്.

അതേസമയം ഗുകേഷിന്റെ നേട്ടത്തെ അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രംഗത്ത് വന്നു. വളര്‍ന്നുവരുന്ന പുതിയ പ്രതിഭകള്‍ക്കും തമിഴ്‌നാടിനും അഭിമാനം നല്‍കുന്നതാണ് ഗുകേഷിന്റെ നേട്ടമെന്ന് സ്റ്റാലിന്‍ കുറിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :