അഭിറാം മനോഹർ|
Last Updated:
ചൊവ്വ, 10 ഡിസംബര്‍ 2019 (11:30 IST)
കായികലോകത്തെ ഞെട്ടിച്ച്കൊണ്ട് റഷ്യക്ക് 4 വർഷത്തെ വിലക്കേർപ്പെടുത്തി ലോക ഉത്തേജകവിരുദ്ധ ഏജൻസി. ഇതോടെ അടുത്ത നാലുവർഷം നടക്കുന്ന രാജ്യാന്തര കായിക മത്സരങ്ങളിൽ റഷ്യക്ക് പങ്കെടുക്കാനാവില്ല.
ഇതോടെ 2020 ലെ ടോക്കിയോ ഒളിമ്പിക്സും 2022ൽ നടക്കുന്ന ഖത്തർ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളും റഷ്യക്ക് നഷ്ടമാകും.
എന്നാൽ അടുത്ത വർഷം നടക്കുന്ന യൂറോ കപ്പ് ഫുട്ബോളിൽ പങ്കെടുക്കാൻ റഷ്യക്ക് അനുമതി നൽകിയിട്ടുണ്ട് എന്നാൽ വേദി റഷ്യയിൽ നിന്നും മാറ്റും.
കായികതാരങ്ങൾക്ക് വിപുലമായ തോതിൽ ഉത്തേജക മരുന്ന് നല്കുന്ന റഷ്യൻ പദ്ധതിയുടെ വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് വിലക്ക്. കഴിഞ്ഞ ജനുവരിയിൽ വാഡയുടെ അന്വേഷണസംഘത്തിന് തെറ്റായ ഉത്തേജകപരിശോധനാ ഫലങ്ങളാണ് റഷ്യ നൽകിയതെന്നും കണ്ടെത്തിയിരുന്നു. ഇതൊടെയാണ് റഷ്യയെ വിലക്കാൻ വാഡയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി തീരുമാനമെടുത്തത്. അതേസമയം തീരുമാനത്തിനെതിരെ 21 ദിവസത്തിനകം അപ്പീൽ നൽകാൻ റഷ്യക്ക് സാവകാശമുണ്ട്.
ഉത്തേജകമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന റഷ്യൻ താരങ്ങൾക്ക് ഒളിമ്പിക്സ് ഉൾപ്പെടെയുള്ള കായികവേദികളിൽ പങ്കെടുക്കാം. എന്നാൽ രാജ്യത്തിന്റെ ഔദ്യോഗിക യൂണിഫോം/ജഴ്സി ധരിക്കാൻ ഇവർക്കാവില്ല. ഈ താരങ്ങൾ മെഡലുകൾ നേടിയാൽത്തന്നെ റഷ്യയുടെ ദേശിയഗാനമോ പതാകയോ പ്രദർശിപ്പിക്കുവാൻ സാധിക്കില്ല.
ഇതോടെ രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കണമെങ്കിൽ ഇത് കൂടാതെതന്നെ നിരവധി കർശനവ്യവസ്ഥകൾ റഷ്യൻ കായികതാരങ്ങൾ പാലിക്കേണ്ടതായി വരും.