സ്പാനിഷ് ലീഗില്‍ ബാഴ്സയുടെ ഗോള്‍ മഴ, ഗെറ്റാഫെ മുങ്ങിമരിച്ചു

ബാര്‍സിലോന| VISHNU N L| Last Modified ബുധന്‍, 29 ഏപ്രില്‍ 2015 (10:34 IST)
ഗോള്‍പെരുമഴയുടെ പൂരമായ്യിരുന്നു സ്പാനീഷ് ലീഗില്‍ ഇന്ന് നടന്നത്. ബാര്‍സയും, ഗെറ്റാഫയും തമ്മിലുള്ള മത്സരം അക്ഷരാര്‍ഥത്തില്‍ ബാഴ്സയുടെ താരങ്ങള്‍ക്കുള്ള് ഗോള്‍ പരിശീലനമായി മാറി. ഗെറ്റാഫയുടെ പോസ്റ്റിലേക്ക് തുടര്‍ച്ചയായി അഞ്ച് ഗോളുകളാണ് ബാഴ്സയുടെ സൂപ്പര്‍താരങ്ങള്‍ തീമഴയായി അടിച്ചുവിട്ടത്. ബാഴ്സയുടെ തകര്‍പ്പന്‍ ഫോമിനെ വൈകി ഉണര്‍ന്ന ഗെറ്റാഫ തടഞ്ഞില്ലായിരുന്നു എങ്കില്‍ വിജയ മാര്‍ജിന്‍ കൈവിരലില്‍ ഒതുങ്ങില്ലായിരുന്നു എന്നാണ് മത്സരഫലം വ്യക്തമാക്കുന്നത്. മെസി, സുവാരസ്, നെയ്മര്‍, സാവിതുടങ്ങിയ ബാഴ്സയുടെ സൂപ്പര്‍ താരങ്ങളാണ് ഗെറ്റാഫയെ ഗോള്‍മഴയില്‍ മുക്കിക്കൊന്നത്.

മനോഹരമായിരുന്നു ബാര്‍സയുടെ കളി. തുടക്കം മുതലേ ഗെറ്റാഫെയെ ആക്രമിച്ച് കളിച്ച കിട്ടിയ അവസരങ്ങള്‍ ഒട്ടും പാഴാക്കിയില്ല. ഒന്‍പതാം മിനിറ്റില്‍ പെനാല്‍റ്റിയുടെ രൂപത്തിലായിരുന്നു ഗെറ്റാഫയെ ഞെട്ടിച്ച ആദ്യ ഗോള്‍ പിറന്നത്. സുവാരസിനെ ഗെറ്റാഫെ താരം വീഴ്ത്തിയതിനായിരുന്നു പെനല്‍റ്റി. കിക്കെടുത്ത മെസിക്ക് പിഴച്ചില്ല. ബാര്‍സ 1-0ന് മുന്നില്‍. അടുത്തത് സുവാരസിന്റെ ഊഴമായിരുന്നു. പിന്നാലെ നെയ്മര്‍, സാവി എന്നിവരും ലക്ഷ്യം കണ്ടതോടെ ബാര്‍സ 4-0ന് മുന്നിലായി. 40-ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയ സുവാരസ് ബാര്‍സയുടെ ലീഡ് അഞ്ചാക്കി ഉയര്‍ത്തി. ഇടവേളയ്ക്ക് പോയി മടങ്ങിയതിന് പിന്നാലെ മെസി ഡബിള്‍ തികച്ച് മിന്നിയതോടെ ബാര്‍സയുടെ ലീഡ് ആറായി.

അതുവരെ ചിത്രത്തിലില്ലാതിരുന്ന ഗെറ്റാഫെ താരങ്ങള്‍ ഞെട്ടിയുണര്‍ന്നെങ്കിലും വൈകിപ്പോയിരുന്നു. എങ്കിലും ഗെറ്റാഫ മികച്ച പ്രതിരോധമാണ് മെസിയുടെ രണ്ടാം ഗോളിനു ശേഷം കാഴ്ചവച്ചത്. ഇരുപകുതികളിലുമായി കിട്ടിയ അവസരങ്ങളെല്ലാം മുതലാക്കാന്‍ ഇതോടെ ബാഴ്സയ്ക്ക് കഴിഞ്ഞില്ല. ഗെറ്റാഫയ്ക്കെതിരായ വിജയത്തോടെ ലീഗിലെ ഒന്നാം സ്ഥാനം അരിക്കിട്ടുറപ്പിച്ച ബാര്‍സ രണ്ടാമതുള്ള റയല്‍ മഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം അഞ്ചാക്കി വര്‍ധിപ്പിച്ചു. എങ്കിലും, റയല്‍ ബാര്‍സയേക്കാള്‍ ഒരു മല്‍സരം കുറച്ചേ കളിച്ചിട്ടുള്ളൂ എന്ന ആനുകൂല്യമുണ്ട്. ഈ സീസണില്‍ എല്ലാം ടൂര്‍ണമെന്റുകളില്‍ നിന്നുമായി ബാര്‍സ പരാജയമറിയാതെ പിന്നിടുന്ന 15-ാം മല്‍സരം കൂടിയായിരുന്നു ഇത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :