ഒളിമ്പിക്സിൽ തോൽവി, ഇന്ത്യൻ ടെന്നീസ് താരം രോഹൻ ബോപ്പണ്ണ ഇന്ത്യൻ കുപ്പായത്തിൽ നിന്നും വിരമിച്ചു

Rohan Boppanna, Indian tennis player
അഭിറാം മനോഹർ| Last Modified ചൊവ്വ, 30 ജൂലൈ 2024 (11:31 IST)
ടെന്നീസ് താരം രോഹന്‍ ബോപ്പണ്ണ ഇന്ത്യന്‍ കുപ്പായത്തില്‍ നിന്നും വിരമിച്ചു. പാരീസ് ഒളിമ്പിക്‌സില്‍ നിന്നും നേരത്തെ പുറത്തായതിന് പിന്നാലെയാണ് ബോപ്പണ്ണ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കായി ഇത് തന്റെ അവസാന മത്സരമാകുമെന്ന് ബോപ്പണ്ണ അറിയിച്ചു. നാല്‍പ്പത്തി നാലാം വയസിലാണ് താരത്തിന്റെ വിരമിക്കല്‍. ഇതോടെ 2026ല്‍ ജപ്പാന്‍ വേദിയാകുന്ന ഏഷ്യന്‍ ഗെയിംസില്‍ ബോപ്പണ്ണ ഇന്ത്യയെ പ്രതിനിധീകരിക്കില്ല.


അതേസമയം എടിപി ടൂറുകളില്‍ ബോപ്പണ്ണ തുടര്‍ന്നും മത്സരിക്കും. രാജ്യത്തിനായി എന്റെ അവസാന മത്സരമാണിത്. രാജ്യത്തെ 2 പതിറ്റാണ്ട് പ്രതിനിധീകരിക്കാന്‍ കഴിയുമെന്ന് ഒരിക്കലും സ്വപ്നം കണ്ടിരുന്നുപോലുമില്ല. അതിനാല്‍ ഞാനെത്ര ഉയരത്തിലെത്തി എന്നത് എനിക്ക് വ്യക്തമായറിയാം. 2002ല്‍ എത്തി നീണ്ട 22 വര്‍ഷക്കാലം ലോക ടെന്നീസില്‍ ഭാഗമാകാനായതില്‍ അഭിമാനമുണ്ട്. വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ബോപ്പണ്ണ പറഞ്ഞു. കരിയറില്‍ ഉടനീളം പിന്തുണ നല്‍കിയ ഭാര്യ സുപ്രിയയ്ക്കും ബോപ്പണ്ണ നന്ദി പറഞ്ഞു.

പ്രധാനമായും ഡബിള്‍സ് മത്സരങ്ങള്‍ കളിക്കുന്ന രോഹന്‍ ബോപ്പണ്ണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ 2024ല്‍ പുരുഷ ഡബിള്‍സ് കിരീടം സ്വന്തമാക്കിയിരുന്നു. ബോപ്പണ്ണയുടെ കരിയറിലെ ആദ്യ പുരുഷ ഡബിള്‍സ് ഗ്രാന്‍സ്ലാം ടൈറ്റിലായിരുന്നു ഇത്. 43 വയസിലായിരുന്നു ബോപ്പണ്ണയുടെ നേട്ടം. ഇതോടെ ഗ്രാന്‍സ്ലാം നേടുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരമെന്ന നേട്ടം ബോപ്പണ്ണ സ്വന്തമാക്കിയിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സ് നേട്ടത്തോടെ റാങ്കിങ്ങില്‍ ഒന്നാമതെത്താനും ബോപ്പണ്ണയ്ക്ക് സാധിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :