ഫൈനലില്‍ എന്ത് സംഭവിച്ചാലും എന്റെ അവസാനമത്സരം, അര്‍ജന്റീനയുടെ മാലാഖ ഡിമരിയ വിരമിക്കുന്നു!

അഭിറാം മനോഹർ| Last Modified ബുധന്‍, 10 ജൂലൈ 2024 (14:53 IST)
ജൂലൈ 15ന് നടക്കുന്ന ഫൈനല്‍ അര്‍ജന്റീന ജേഴ്‌സിയിലെ തന്റെ അവസാന മത്സരമാകുമെന്ന് പ്രഖ്യാപിച്ച് അര്‍ജന്റീനന്‍ താരം ഏഞ്ചല്‍ ഡിമരിയ. നേരത്തെ തന്നെ ഈ കോപ്പ അമേരിക്കയ്ക്ക് ശേഷം രാജ്യാന്തര കരിയറിനോട് വിടപറയുമെന്ന് ഡിമരിയ വ്യക്തമാക്കിയിരുന്നു. നേരത്തെ ലോകകപ്പ് കഴിഞ്ഞ് വിരമിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മെസ്സിയുടെ നിര്‍ബന്ധത്തിന് വഴങ്ങി താരം വിരമിക്കല്‍ വൈകിപ്പിക്കുകയായിരുന്നു.

രാജ്യത്തിന് വേണ്ടി അവസാന മത്സരം കളിക്കാന്‍ മാനസികമായി ഞാന്‍ തയ്യാറല്ല. പക്ഷേ ഇതാണ് അതിനുള്ള സമയമെന്ന് ഞാന്‍ കരുതുന്നു. കളിക്ക് മുന്‍പ് തനിക്ക് വേണ്ടി ഫൈനലില്‍ എത്തണമെന്ന് മെസ്സി പറഞ്ഞിരുന്നു. ഫൈനലില്‍ എന്ത് തന്നെ സംഭവിച്ചാലും എനിക്ക് തല ഉയര്‍ത്തി തന്നെ മടങ്ങാം. ഇതുവരെ എന്റെ രാജ്യത്തിനായി എല്ലാം നല്‍കിയാണ് കളിച്ചത്. എന്നെ എന്നും പിന്തുണച്ചവര്‍ക്ക് നന്ദി പറയുന്നു. കാനഡയ്‌ക്കെതിരായ സെമിഫൈനല്‍ വിജയത്തിന് പിന്നാലെ ഡിമരിയ പറഞ്ഞു.


അര്‍ജന്റീനയ്ക്ക് വേണ്ടി ലോകകപ്പ് ഫൈനല്‍,കോപ്പ അമെരിക്ക ഫൈനല്‍,ഒളിമ്പിക്‌സ്,ഫൈനല്‍,ഫൈനലിസിമ ഫൈനല്‍ മത്സരങ്ങളില്‍ നിര്‍ണായകമായ ഗോളുകള്‍ നേടാന്‍ അര്‍ജന്റീനയുടെ മാലഖയ്ക്ക് സാധിച്ചിരുന്നു. മെസ്സിക്ക് ഒപ്പം അര്‍ജന്റീനയുടെ വിജയങ്ങളില്‍ നിര്‍ണായക പങ്കാണ് ഡിമരിയയും വഹിച്ചത്. ഡിമരിയ അര്‍ജന്റീന ടീമിനോട് യാത്ര പറയുമ്പോള്‍ അര്‍ജന്റീനയുടെ ഒരു ചിറക് തന്നെയാകും കരിഞ്ഞുപോകുക എന്നത് ഉറപ്പാണ്. ഫൈനല്‍ മത്സരത്തില്‍ കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കി തങ്ങളുടെ മാലാഖയെ യാത്രയാക്കാനാകും അര്‍ജന്റീന താരങ്ങള്‍ ഫൈനല്‍ മത്സരത്തിന് ഇറങ്ങുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :