റിയോ ഡി ജെനീ|
JOYS JOY|
Last Updated:
ചൊവ്വ, 23 ഓഗസ്റ്റ് 2016 (17:36 IST)
വര്‍ണ്ണശബളമായ റിയോ ഒളിംപിക്സിന് തിരശ്ശീല വീഴുമ്പോള്‍ ഇന്ത്യയ്ക്ക് സ്വന്തമായുള്ളത് ഒരു വെള്ളിയും ഒരു വെങ്കലവും മാത്രം. എന്നാല്‍, 2016 റിയോ ഒളിംപിക്സിന് തിരശ്ശീല വീഴുമ്പോള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരുപാട് നല്ല നിമിഷങ്ങള്‍ ഉണ്ട്. ചരിത്രം മാറ്റിയെഴുതിയ റെക്കോര്‍ഡുമായി ഉസൈന്‍ ബോള്‍ട്ടും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ മികച്ച നേട്ടവുമായി ദീപ കര്‍മാക്കറും കളം നിറഞ്ഞ റിയോ ഡി ജെനീറോയില്‍ മനസ്സില്‍ കുളിര്‍മ നിറയിക്കുന്ന വേറെയും കാഴ്ചകള്‍ ഉണ്ടായി. ഒളിംപിക് വേദിയില്‍ ഉണ്ടായ പത്ത് അപൂര്‍വ്വ നിമിഷങ്ങള്‍
1. ഉസൈന്‍ ബോള്‍ട്ടും മൈക്കല്‍ ഫെല്‍പ്‌സും വിരമിച്ചു
വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടും നീന്തല്‍ക്കുളത്തിലെ ഇതിഹാസം മൈക്കല്‍ ഫെല്‍പ്‌സും വിരമിച്ചു. 23 സ്വര്‍ണമെഡല്‍ അടക്കം 28 മെഡലുകളുമായി ഫെല്‍പ്‌സ് നീന്തല്‍ക്കുളത്തിനോട് വിട പറയുമ്പോള്‍ മൂന്ന് ഒളിംപിക്സുകളില്‍ നിന്നായി ഒമ്പതു മെഡലുകളുമായാണ് ഉസൈന്‍ ബോള്‍ട്ട് വിരമിച്ചത്. ട്രിപ്പിള്‍ ട്രിപ്പിള്‍ സ്വര്‍ണവുമായാണ് ബോള്‍ട്ട് വിരമിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
2. ദീപ കര്‍മാക്കര്‍ ജിംനാസ്റ്റിക്സില്‍ നാലാമതായി ഫിനിഷ് ചെയ്തത്
ജിംനാസ്റ്റിക് താരം ദീപ കര്‍മാക്കര്‍ റിയോ ഒളിംപിക്സില്‍ നാലാമതായി ഫിനിഷ് ചെയ്തത് ഇന്ത്യയുടെ കായികലോകത്തിന്അഭിമാനിക്കാവുന്ന നേട്ടമാണ്. 0.150 പോയിന്റിന്റെ വ്യത്യാസത്തിലാണ് വെങ്കലമെഡല്‍ ദീപയ്ക്ക് നഷ്‌ടമായത്.
3. ഫൈനലില്‍ തോറ്റ സിന്ധുവിന്റെ മാന്യമായ പെരുമാറ്റം
ഒളിംപിക്സ് ബാഡ്‌മിന്റണ്‍ ഫൈനലില്‍ സ്പെയിനിന്റെ കരോലിന മാരിനോട് പോരാടിയാണ് പി വി സിന്ധു തോറ്റത്. എന്നാല്‍, മത്സരത്തിനു ശേഷം കോര്‍ട്ട് വിടുന്നതിനു മുമ്പ് സിന്ധു ചെയ്ത പ്രവൃത്തിയാണ് കാണികളുടെ മനസ്സ് കീഴടക്കിയത്. വിജയാഹ്ലാദത്തിനിടയില്‍ കരോലിന മാരിന്റെ കൈയില്‍ നിന്ന് താഴെ വീണു പോയ റാക്കറ്റ് എടുത്ത് മാരിന്റെ ബാഗിന് അടുത്തു വെച്ചിട്ട് ആയിരുന്നു സിന്ധു കോര്‍ട്ട് വിട്ടത്. കാണികളുടെ മനസ്സ് കീഴടക്കിയതും സിന്ധുവിന്റെ ഈ പ്രവൃത്തി തന്നെയായിരുന്നു.
4. അഭയാര്‍ത്ഥിസംഘത്തിന്റെ പോരാട്ടം
ഒളിംപിക്സ് വേദിയില്‍ അഭയാര്‍ത്ഥികളെ പ്രതിനിധീകരിച്ച് അവരുടെ സംഘം മത്സരിച്ചതും റിയോ ഒളിം പിക്സിന്റെ പ്രത്യേകത ആയിരുന്നു. റിയോയില്‍ പുരുഷന്മാരുടെ 100 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ മത്സരിച്ച റമി അനിസ് തന്റെ നേട്ടം മെച്ചപ്പെടുത്തി.
5. ഹാന്‍ഡ്‌ഷേക്ക് വിവാദം
ഈജിപ്‌തിന്റെ ജൂഡോ താരം ഇസ്ലാം എല്‍ ഷെഹാബി ഇസ്രയേലുകാരനായ തന്റെ എതിരാളി ഒസ് സാസ്സന് ഷേക്ക്‌ഹാന്‍ഡ് നല്കാന്‍ വിസമ്മതിച്ചത് ഒളിംപിക് വേദിയില്‍ വിവാദമായി.
6. ചെറിയ മനുഷ്യനും വലിയ മനുഷ്യനും
യു എസ് ജിംനാസ്റ്റ് താരം രാഗന്‍ സ്മിത്തും (4'5") ബാസ്ക്കറ്റ്‌ബോള്‍ താരം ഡി ആന്‍ഡ്രെ ജോര്‍ദാനും (7') ചേര്‍ന്നു നിന്നെടുത്ത ചിത്രം പെട്ടന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയത്.
7. കൂടുതല്‍ വേഗത്തിലും ഉയരത്തിലും കരുത്തിലും മാത്രമല്ല കനിവിലും റിയോ മുന്നില്‍
വനിതകളുടെ 5000 മീറ്റര്‍ ഹീറ്റ്‌സില്‍ ആയിരുന്നു ആ അപൂര്‍വ കാഴ്ച. ട്രാക്കില്‍ വീണുപോയ യു എസ് താരം അബ്ബി ഡി അഗോസ്റ്റിനോയ്ക്ക് ന്യൂസിലന്‍ഡ് താരം നിക്കി ഹാംബ്ലിന്‍ ഒരു കൈ സഹായം നല്കിയപ്പോള്‍ നിക്കി ഓടിക്കയറിയത് ജനഹൃദയങ്ങളിലേക്ക് ആയിരുന്നു. യഥാസമയം ഇരുവര്‍ക്കും മത്സരം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇരുവര്‍ക്കും ഫൈനലിലേക്ക് ടിക്കറ്റ് നല്കിയാണ് ഒളിംപിക്സ് സംഘാടകര്‍ ഈ മനുഷ്യത്വപരമായ നടപടിയെ അംഗീകരിച്ചത്.
8. സംസ്കാരങ്ങള്‍ തമ്മിലുള്ള മത്സരം കൂടിയായി ഒളിംപിക്സ് വേദി
ടു പീസ് വേഷത്തില്‍ തകര്‍ത്തു കളിക്കുന്ന വനിതകളുടെ ബീച്ച്‌വോളിയില്‍ ഈജിപ്‌തിന്റെ ഡോവ എല്‍ഗോഷാബിയുടെ വസ്ത്രധാരണം വ്യത്യസ്തമായി. ടു പീസ് വേഷക്കാരുടെ ഇടയില്‍, കൈ മുഴുവന്‍ മറയ്ക്കുന്ന നീളന്‍ സ്ലീവുള്ള ടീ ഷര്‍ട്ടും കാലില്‍ പാദം വരെയെത്തുന്ന ലെഗ്ഗിന്‍സും തലയില്‍ കറുത്ത ഹിജാബും ധരിച്ചാണ് ഡോവ എല്‍ഗോബാഷി ബീച്ച് വോളി കളിച്ചത്.
9. ആരാധകന്‍ ഫെല്‍പ്‌സിന്റെ സ്വര്‍ണം തട്ടിക്കൊണ്ടു പോയി
2008 ബിജിംഗ് ഒളിംപിക്സില്‍ നീന്തല്‍ക്കുളത്തില്‍ സ്വര്‍ണം വാരിക്കൂട്ടിയ മൈക്കല്‍ ഫെല്‍പ്‌സ് എന്ന താരത്തിന്റെ ആരാധകന്‍ ആയിരുന്ന ജോസഫ് സ്കൂളിങ് 100 മീറ്റര്‍ ബട്ടര്‍ഫ്ലൈസില്‍ ഫെല്‍പ്സിനെ പരാജയപ്പെടുത്തിയത് റിയോയിലെ നല്ല നിമിഷങ്ങളില്‍ ഒന്നായിരുന്നു. 2008ല്‍ ഫെല്‍പ്സിനെ കണ്ട് ഒപ്പം നിന്ന് ഫോട്ടോ എടുത്ത്, ഓട്ടോഗ്രാഫ് വാങ്ങിയയിരുന്നു മടങ്ങിയ സ്കൂളിങ് പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ ഫെല്‍പ്സിന്റെ റെക്കോര്‍ഡും തകര്‍ത്തു.
10. ഫിജിയുടെ ആദ്യ ഒളിംപിക്സ് സ്വര്‍ണനേട്ടം
ചെറിയ രാജ്യമായ ഫിജി റിയോയില്‍ ചരിത്രനേട്ടമാണ് സ്വന്തമാക്കിയത്. തങ്ങളുടെ ആദ്യത്തെ ഒളിംപിക് സ്വര്‍ണമെഡല്‍ ആയിരുന്നു ഫിജി റഗ്‌ബിയില്‍ ബ്രിട്ടണെ തോല്പിച്ച് സ്വന്തമാക്കിയത്. പാട്ടു പാടിയായിരുന്നു സംഘം തങ്ങളുടെ വിജയം ആഘോഷിച്ചത്.