രേണുക വേണു|
Last Modified തിങ്കള്‍, 12 ഓഗസ്റ്റ് 2024 (13:26 IST)
പാരീസ് ഒളിംപിക്‌സില്‍ ശരീരഭാരം കൂടിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ മെഡിക്കല്‍ ടീമിനെ പ്രതിരോധിച്ച് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി.ഉഷ. ശരീരഭാരം നിയന്ത്രിക്കേണ്ടത് അത്‌ലറ്റുകളുടെ ഉത്തരവാദിത്തമാണെന്നും അതില്‍ മെഡിക്കല്‍ ടീമിനെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും ഉഷ പറഞ്ഞു.
' ഗുസ്തി, ഭാരോദ്വഹനം, ബോക്‌സിങ് പോലെയുള്ള ഇനങ്ങളിലെ ശരീരഭാരം നിയന്ത്രിക്കേണ്ടത് അത്‌ലറ്റുകളുടേയും പരിശീലകരുടേയും ഉത്തരവാദിത്തമാണ്. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ നിയമിച്ച ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ദിന്‍ഷയുടേയും അദ്ദേഹത്തിന്റെ ടീമിന്റേയും ഉത്തരവാദിത്തമല്ല. പാരീസ് ഒളിംപിക്‌സിനു എത്തിയ ഓരോ ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്കും അവരുടേതായ സപ്പോര്‍ട്ടിങ് ടീം ഉണ്ട്. മത്സരങ്ങള്‍ക്കിടയിലും ശേഷവും സംഭവിക്കുന്ന പരുക്കുകളില്‍ നിന്ന് മുക്തരാകാന്‍ സഹായിക്കുകയാണ് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ നിയോഗിച്ച മെഡിക്കല്‍ ടീമിന്റെ പ്രധാന ഉത്തരവാദിത്തം,' ഉഷ പറഞ്ഞു.
ഒളിംപിക്സില്‍ വനിതകളുടെ 50 കിലോഗ്രാം ഗുസ്തിയില്‍ ഫൈനലിലേക്കു യോഗ്യത നേടിയതിനു പിന്നാലെയാണ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. ഫൈനലിനു മുന്‍പ് ഫോഗട്ടിന്റെ ശരീരഭാരം പരിശോധിച്ചപ്പോള്‍ നിശ്ചിയിക്കപ്പെട്ട ശരീരഭാരത്തേക്കാള്‍ 100 ഗ്രാം കൂടുതലാണ് രേഖപ്പെടുത്തിയത്. ഇതേ തുടര്‍ന്നാണ് ഒളിംപിക്സ് അധികൃതര്‍ ഫോഗട്ടിനെതിരെ നടപടി സ്വീകരിച്ചത്.