പ്രീജ ശ്രീധരന്‍ രാജ്യാന്തര മത്സരങ്ങളില്‍നിന്ന് വിരമിക്കുന്നു

Last Modified ഞായര്‍, 5 ഒക്‌ടോബര്‍ 2014 (10:51 IST)
ഇന്ത്യയുടെ ദീര്‍ഘദൂര ഓട്ടക്കാരിയായ പ്രീജ ശ്രീധരന്‍ രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിക്കുന്നു. ഏഷ്യന്‍ ക്രോസ്‌കണ്‍ട്രി ചാമ്പ്യന്‍ഷിപ്പ്, ഇന്റര്‍യൂണിവേഴ്സിറ്റി മീറ്റ്, സാഫ്ഗെയിംസ് എന്നിവയില്‍ സ്വര്‍ണം ഉള്‍പ്പെടെ ദേശീയ, അന്തര്‍ദ്ദേശീയ മത്സരങ്ങളില്‍ നിരവധി നേട്ടങ്ങള്‍ പ്രീജ കൈവരിച്ചിട്ടുണ്ട്. 10,000 മീറ്ററിലും 5000 മീറ്ററിലും പ്രീജയ്ക്ക് ദേശീയ റെക്കോര്‍ഡുണ്ട്.

2010-ല്‍ ചൈനയിലെ ഗ്വാങ്‌ഷൂവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 10,000 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണവും 5000 മീറ്ററില്‍ വെള്ളിയും നേടി. 2006-ല്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 5,000 , 10,000 മീറ്റര്‍ ഓട്ട മത്സരങ്ങളില്‍ അഞ്ചാം സ്ഥാനത്തെത്തിയിരുന്നു.

31 മിനിറ്റ്‌ 50.47 സെക്കന്‍ഡിലാണ്‌ പ്രീജ ഗ്വാങ്ചൌ ഏഷ്യാഡില് 10000 മീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കി സ്വര്‍ണം കരസ്ഥമാക്കിയത്. ഇതോടെ തന്റെ തന്നെ പേരിലുള്ള 32:04.41 സെക്കന്‍ഡിന്റെ ദേശീയ റെക്കോഡ്‌ തിരുത്താനും പ്രീജയ്‌ക്കായി. ദോഹ ഏഷ്യാഡില് അഞ്ചാം സ്‌ഥാനമായിരുന്നു പ്രീജയ്ക്ക്. 2010 കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ പ്രീജക്ക് മെഡല്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. ഗ്വാങ്ചൌ ഏഷ്യാഡില്‍തന്നെ 5000 മീറ്ററില്‍ വെള്ളിയും പ്രീജയ്ക്ക് ലഭിക്കുകയുണ്ടായി . 2011 ജൂലൈയില്‍ അര്‍ജുന അവാര്‍ഡിന് അര്‍ഹയായി.

പാലാ അല്‍ഫോന്‍സ കോളേജിലായിരുന്നു കോളേജ് വിദ്യാഭ്യാസം. അവിടെ അധ്യാപകനായ തങ്കച്ചന്‍ മാത്യുവിന്റെ ശിക്ഷണത്തില്‍ പ്രീജ മികച്ച കായിക പ്രതിഭയായി വളര്‍ന്നു. ദീര്‍ഘദൂര ഓട്ടക്കാരിയാകുന്നതും അവിടെ വെച്ചാണ്. ഇപ്പോള്‍ പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഓഫീസില്‍ ഹെഡ് ക്ലാര്‍ക്കായി ജോലി ചെയ്യുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :