അഭിറാം മനോഹർ|
Last Modified ചൊവ്വ, 24 ഓഗസ്റ്റ് 2021 (17:04 IST)
മുന്നേറ്റ നിര താരം മുഹമ്മദ് സലയെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് വിട്ടുനൽകില്ലെന്ന് വ്യക്തമാക്കി ലിവർപൂൾ. നേരത്തെ ഒളിമ്പിക്‌സിലും ഈജിപ്‌ത് ടീമിനൊപ്പം ചേരാൻ ലിവർപൂൾ സമ്മതിച്ചിരുന്നില്ല.
സെപ്‌റ്റംബർ രണ്ടിനാണ് അംഗോളയ്ക്കെതിരെ ഈജിപ്‌തിന്റെ ലോകകപ്പ് യോഗ്യതാ മത്സരം. പ്രീമിയർ ലീഗിൽ അഞ്ചാം തിയതി ലിവർപൂൾ-ചെൽസി പോരാട്ടവും നടക്കും. നിലവിൽ യുകെയുടെ റെഡ് ട്രാവൽ ലിസ്റ്റിലുള്ള രാജ്യമാണ് ഈജിപ്‌ത്.
റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർ 10 ദിവസം യുകെയിൽ ക്വാറന്റൈനിൽ ഇരിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ഹോട്ടൽ ക്വാറന്റൈനിൽ ഇരുന്ന് രണ്ടാം ദിവസമോ എട്ടാം ദിവസമോ കൊവിഡ് ടെസ്റ്റിന് വിധേയമാവണം. അതേസമയം ഈജിപ്‌തിന്റെ രണ്ടാം ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് സലയെ വിട്ടുനൽകാമെന്ന് ലിവർപൂൾ അറിയിച്ചതായി റിപ്പോർട്ടുണ്ട്.
നിലവിൽ ബ്രസീലിന്റ ആലിസൺ ബെക്കർ,ഫാബിനോ,ഫിർമിനോ എന്നിവർ ലിവർപൂളിനൊപ്പമാണ്. കൊവിഡ് സുരക്ഷ മുൻനിർത്തി ഇവരടക്കമുള്ള താരങ്ങളെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി അയക്കാൻ യൂറോപ്യൻ ക്ലബുകൾ തയ്യാറായേക്കില്ലെന്നാണ് സൂചന.