കൊച്ചി|
JOYS JOY|
Last Modified ബുധന്‍, 4 നവംബര്‍ 2015 (12:00 IST)
പുതിയ കോച്ചിന്റെ ശിക്ഷണത്തില്‍ ആദ്യ കളിക്കിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ഇന്ന് കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് പുനെ എഫ് സിയുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ 13 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ടീമാണ് പുനെ എഫ് സി. എന്നാല്‍, അഞ്ചു പോയിന്റുമായി അവസാന സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ തുടര്‍ച്ചയായ തോല്‍വിയില്‍ നിരാശരായ ആരാധകര്‍ കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയിന്‍ എഫ് സിയുമായി സമനില പിടിച്ചതിന്റെ ആശ്വാസത്തിലാണ്. മുഖ്യകോച്ച് ആയി ടെറി ഫെലാന്‍ സ്ഥാനമേറ്റതിനു ശേഷമുള്ള ആദ്യ മത്സരമാണ് ഇന്നത്തേത്. എങ്കിലും, കഴിഞ്ഞ മത്സരത്തില്‍ ട്രവര്‍ മോര്‍ഗന്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ തന്നെയായിരിക്കും ഇന്നും കളത്തില്‍ പരീക്ഷിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചെന്നൈയിന്‍ എഫ് സിക്ക് എതിരായ മത്സരത്തില്‍ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തു പോയ ബ്രസീല്‍ താരം ബ്രൂണോ പെറോണിന് പകരക്കാരനെ കണ്ടെത്തുക എന്നത് പുതിയ കോച്ചിന് വെല്ലുവിളിയാകും. മലയാളി താരം മുഹമ്മദ് റാഫി ആദ്യ ഇലവനില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മധ്യനിരയില്‍ മലയാളി താരം സി കെ വിനീതും ഇന്ന് കളിച്ചേക്കും.
ഏതായാലും വിജയത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്സ് ടീമും ടീമിന്റെ ആരാധകരും പ്രതീക്ഷിക്കുന്നില്ല.