അഭിറാം മനോഹർ|
Last Modified വെള്ളി, 29 സെപ്‌റ്റംബര്‍ 2023 (12:31 IST)
ഏഷ്യന്‍ ഗെയിംസിലെ ഷൂട്ടിങ്ങില്‍ കുതിപ്പ് തുടര്‍ന്ന് ഇന്ത്യ. ഗെയിംസിന്റെ ആറാം ദിനമായ ഇന്ന് മാത്രം ഷൂട്ടിങ്ങില്‍ 2 സ്വര്‍ണ്ണവും 2 വെള്ളിയുമാണ് ഇന്ത്യ നേടിയത്. ഷൂട്ടിങ്ങില്‍ നിന്ന് മാത്രമായി 6 വെള്ളിയും 6 സ്വര്‍ണ്ണവും അഞ്ച് വെങ്കലവുമടക്കം 17 മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്.
പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ ടീം ഇനത്തിലാണ് ഇന്ത്യയുടെ ഇന്നത്തെ ആദ്യ സ്വര്‍ണ്ണം പിറന്നത്. സ്വപ്നില്‍ കുശാലെ,ഐശ്വരി പ്രതാപ് സിങ് അഖില്‍ ഷിയാറൊണ്‍ എന്നിവരടങ്ങിയ സഖ്യമാണ് വിജയം നേടിയത്. 1769 പോയിന്റ് നേടി ലോകറെക്കോര്‍ഡോഡെയായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ നേട്ടം. വനിതകളുടെ വ്യക്തിഗത വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റളിലൂടെയാണ് രണ്ടാമത്തെ സ്വര്‍ണ്ണനേട്ടം. ഇന്ത്യയുടെ പലക് ഗുലിയയാണ് ഈയിനത്തില്‍ സ്വര്‍ണ്ണം നേടിയത്. ഈ ഇനത്തില്‍ സ്വര്‍ണ്ണവും വെള്ളിയും ഇന്ത്യന്‍ താരങ്ങള്‍ക്കാണ്. ഇഷ സിങ്ങിനാണ് ഈ വിഭാഗത്തില്‍ വെള്ളി. ഗെയിംസ് ആറാം ദിനത്തില്‍ കടക്കുമ്പോള്‍ 8 സ്വര്‍ണ്ണവും 11 വെള്ളിയും 11 വെങ്കലവുമടക്കം 30 മെഡലുകളാണ് ഇന്ത്യയ്ക്കുള്ളത്.