അഭിറാം മനോഹർ|
Last Updated:
വ്യാഴം, 28 സെപ്‌റ്റംബര്‍ 2023 (16:14 IST)
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ പരാജയപ്പെട്ടെങ്കിലും പരമ്പര 2-1ന് സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. രോഹിത് ശര്‍മയുടെ അസ്സാന്നിധ്യത്തില്‍ കെ എല്‍ രാഹുലായിരുന്നു ആദ്യ 2 മത്സരങ്ങളിലും ഇന്ത്യയെ നയിച്ചത്. രോഹിത്, കോലി,ഹാര്‍ദ്ദിക്,കുല്‍ദീപ് എന്നിവര്‍ ഇല്ലാതിരുന്നിട്ടും ആദ്യ 2 മത്സരങ്ങളിലും ഓസീസിനെതിരെ ആധികാരികമായ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. മൂന്നാം മത്സരത്തില്‍ കോലി,കുല്‍ദീപ്,രോഹിത് എന്നിവര്‍ തിരിച്ചെത്തിയെങ്കിലും മത്സരം വിജയിക്കാന്‍ ഇന്ത്യയ്ക്കായില്ല.
ഓസീസിനെതിരായ പരമ്പര സ്വന്തമാക്കിയതോടെ ട്രോഫി ഏറ്റുവാങ്ങാനായി ഇന്ത്യന്‍ നായകനെന്ന നിലയില്‍ നായകന്‍ രോഹിത് ശര്‍മയെയാണ് അവതാരകനായ ഹര്‍ഷ ഭോഗ്ലെ വേദിയിലേക്ക് ക്ഷണിച്ചത്. എന്നാല്‍ ട്രോഫി വാങ്ങാനായി പോകാതെ കെ എല്‍ രാഹുലിനെ രോഹിത് നിര്‍ബന്ധപൂര്‍വ്വം ട്രോഫി വാങ്ങാനായി വേദിയിലേക്ക് പറഞ്ഞുവിടുകയായിരുന്നു. ട്രോഫിയില്‍ കൈവെയ്ക്കാന്‍ രാഹുല്‍ വീണ്ടും രോഹിത്തിനെ ക്ഷണിച്ചപ്പോള്‍ ട്രോഫി സമ്മാനിച്ച മുന്‍ ബിസിസിഐ സെക്രട്ടറി നിരഞ്ജന്‍ ഷാക്കൊപ്പം ട്രോഫിയില്‍ പിടിച്ച് പോസ് ചെയ്യാന്‍ രോഹിത് രാഹുലിനോട് പറയുന്നതും വീഡിയോയില്‍ കാണാം.
മൂന്നാം മത്സരത്തിലെ തോല്‍വി കാര്യമാക്കുന്നില്ലെന്നും ഏകദിന ലോകകപ്പിന് മുന്‍പ് എല്ലാ മേഖലയിലും മികവ് കാണിക്കാന്‍ ടീമിനായത് സന്തോഷം നല്‍കുന്നുവെന്ന് മത്സരശേഷം രോഹിത് പറഞ്ഞു. ആദ്യ മത്സരത്തില്‍ അര്‍ധസെഞ്ചുറിയും രണ്ടാം മത്സരത്തില്‍ സെഞ്ചുറിയും സ്വന്തമാക്കിയ ശുഭ്മാന്‍ ഗില്ലാണ് പരമ്പരയിലെ താരം.