ജപ്പാൻ പിടിവാശി ഉപേക്ഷിക്കണം, ഒളിമ്പിക്‌സ് മാറ്റിവെച്ചില്ലെങ്കിൽ ടീമിനെ അയക്കില്ലെന്ന് കാനഡ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 23 മാര്‍ച്ച് 2020 (14:40 IST)
വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒളിമ്പിക്‌സ് മത്സരങ്ങൾ മാറ്റിവെക്കാൻ തയ്യാറായില്ലെങ്കിൽ ടീമിനെ ഒളിമ്പിക്‌സ് മത്സരങ്ങൾക്കായി അയക്കില്ലെന്ന് കനേഡിയൻ ഒളിമ്പിക്സ് സമിതി.ടോക്കിയോ ഒളിംപിക്‌സ് അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചേക്കുമെന്നുള്ള വാര്‍ത്തകള്‍ വരുന്നതിനിടെയാണ് കാനഡ ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.എന്നാല്‍ ഒളിംപിക്‌സിന്റെ കാര്യത്തില്‍ നാലാഴ്ചക്കുള്ളില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക്‌സ് സമിതി അറിയിച്ചു. ഇതദ്യമായി ഗെയിംസ് മാറ്റേണ്ടി വരുമെന്ന് സമ്മതിക്കുകയും ചെയ്‌തു.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലും മുൻനിശ്ചയിച്ച പ്രകാരം തന്നെ ഒളിമ്പിക്സ് മത്സരങ്ങൾ നടക്കുമെന്നാണ് ഐഒസി അധ്യക്ഷന്‍ തോമസ് ബാക്കും വേദിയൊരുക്കുന്ന ജപ്പാനും പറഞ്ഞിരുന്നത്. എന്നാല്‍ ഒളിംപിക്‌സ് മാറ്റേണ്ടിവന്നേക്കുമെന്ന് ജപ്പാനീസ് പ്രധാനമന്ത്രി ഷിൻസോ ആബേ പാർലമെന്ററി സമിതിക്ക് മുൻപാകെ അറിയിച്ചു. ആദ്യമായാണ് ജപ്പാൻ ഈ കാര്യം സൂചിപ്പിക്കുന്നത്.

കായികമഹോത്സവമായതിനാൽ ഗെയിംസ് അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തില്ലെന്ന് ഒളിംപിക്‌സ് സമിതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എങ്കിലും ജൂലൈ മാസത്തിൽ തന്നെ ഒളിമ്പിക്സ് മത്സരങ്ങൾ നടത്തുമെന്ന വാശിയിലായിരുന്നു ഒളിമ്പിക്‌സ് കമിറ്റി. എന്നാൽ പുതിയ വാർത്തകൾ പ്രകാരം ഈ പിടിവാശിയും ഐഒസി ഉപേക്ഷിക്കുമെന്ന് ഉറപ്പായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :