കോമൺവെൽത്ത് ഗെയിംസിലെ ആദ്യദിനത്തിൽ 12 ഫൈനലുകൾ, ഇന്ത്യ ഇറങ്ങുന്നത് ഈ ഇനങ്ങളിൽ

മലയാളി താരം സജൻ പ്രകാശ് ഉൾപ്പടെയുള്ളവർ ഇന്ന് മത്സരങ്ങൾക്കിറങ്ങുന്നുണ്ട്. ഇന്ത്യൻ താരങ്ങളുടെ മത്സരക്രമം ഇങ്ങനെ.

അഭിറാം മനോഹർ| Last Modified വെള്ളി, 29 ജൂലൈ 2022 (12:40 IST)
കോമൺവെൽത്ത് ഗെയിംസിൻ്റെ ആദ്യദിനം പന്ത്രണ്ട് ഫൈനലുകൾ. നീന്തൽ,സൈക്ലിങ്, ട്രയാത്ലൺ എന്നീ ഇനങ്ങളിലാണ് ഫൈനലുകൾ. മലയാളി താരം സജൻ പ്രകാശ് ഉൾപ്പടെയുള്ളവർ ഇന്ന് മത്സരങ്ങൾക്കിറങ്ങുന്നുണ്ട്. ഇന്ത്യൻ താരങ്ങളുടെ മത്സരക്രമം ഇങ്ങനെയാണ്.

ലോൺ ബൗൾസിലൂടെയാണ് ഇന്ത്യയുടെ കോമൺവെൽത്ത് പോരാട്ടങ്ങൾക്ക് തുടക്കമാവുക. ഉച്ചയ്ക്ക് ഒരു മണിക്ക് ടാനിയ ചൗധരിയും പുരുഷമാരുടെ മൂന്നംഗ ടീമും ആദ്യറൗണ്ട് മത്സരത്തിനിറങ്ങും. ടീമിനത്തിൽ ന്യൂസിലൻഡ് ആണ് ഇന്ത്യയുടെ എതിരാളികൾ. ടേബിൾ ടെന്നീസ് വനിതാ ഇനത്തിൽ മണിക ബത്രയും സംഘവും ഇന്ന് ഉച്ചയ്ക്ക് ഇറങ്ങും. ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ.

മൂന്ന് മണിക്കാരംഭിക്കും പുരുഷന്മാരുടെ 400 മീറ്റർ ഫ്രീസ്റ്റൈൽ ഹീറ്റ്സിൽ കുശാഗ്ര റാവത്ത് ഇന്ത്യയ്ക്കായി മത്സരിക്കും. 4 മണിക്ക് മലയാളിതാരം സജന്‍ പ്രകാശിന്റെ 50 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ ഹീറ്റ്‌സ്. 4.25ന് ശ്രീഹരി നടരാജിന്റെ 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക് ഹീറ്റ്‌സും രാത്രി 11.37ന് 400 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ ഫൈനലും നടക്കും.

ടേബിൾ ടെന്നീസിൽ പുരുഷടീമിൻ്റെ ആദ്യ മത്സരം വൈകീട്ട് 4:30ന് നടക്കും. ഇന്ത്യയുടെ ബോക്സിങ് പോരാട്ടത്തിനും ഇന്ന് തുടക്കമാകും. വൈകീട്ട് അഞ്ചിന് നടക്കുന്ന ആദ്യ റൗണ്ടിൽ ശിവ ഥാപ്പയാണ് ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങുക.
വൈകീട്ട് ആറരയ്ക്ക് വനിതാ ഹോക്കി ടീമിൻ്റെ ആദ്യ മത്സരം നടക്കും. ഇതേ സമയം ബാഡ്മിൻ്റൺ മിക്സഡ് ടീം ഇനത്തിൽ പാകിസ്ഥാനെ നേരിടും.

രാത്രി പന്ത്രേണ്ടേകാലിന് പാരാനീന്തലില്‍ ആശിഷ് കുമാര്‍ സിംഗിന് 100 മീറ്റര്‍ ബാക് സ്‌ട്രോക്ക് ഫൈനല്‍. സൈക്ലിംഗ്, ജിംനാസ്റ്റിക്‌സ്, സ്‌ക്വാഷ്, ട്രയാത്‌ലണ്‍ ഇനങ്ങളിലും ഇന്ത്യക്ക് ഇന്ന് മത്സരമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :