ന്യൂഡല്‍ഹി|
jibin|
Last Modified ചൊവ്വ, 19 ഓഗസ്റ്റ് 2014 (14:35 IST)
കേരളത്തില്‍ നിന്നുള്ള അഞ്ച് പേര്‍ക്ക് അര്‍ജുന അവാര്‍ഡ് നല്‍കാന്‍ ശുപാര്‍ശ ചെയ്ത നടപടിയെ എതിര്‍ത്ത് ഹോക്കി ഇന്ത്യ നല്‍കിയ പരാതി തള്ളി. നേരത്ത തീരുമാനിച്ച അവാര്‍ഡുകളില്‍ മാറ്റമില്ലെന്നും
ശുപാര്‍ശ പട്ടിക അന്തിമമാണെന്നും കപില്‍ ദേവ് അധ്യക്ഷനായ സമിതി വ്യക്തമാക്കി.
അര്‍ജുന അവാര്‍ഡ് നിര്‍ണ്ണയത്തില്‍ വീഴ്ച് പറ്റിയെന്ന് കാട്ടി ഹോക്കി ഇന്ത്യ ജനറല്‍ സെക്രട്ടറി നരീന്ദര്‍ ബത്രയാണ് പരാതി നല്‍കിയത്. കൂടാതെ പുരസ്കാര നിര്‍ണയ സമിതിയിലുണ്ടായിരുന്ന അഞ്ജു ബോബി ജോര്‍ജിന്റെ ബന്ധുവിന് അര്‍ജുന ശുപാര്‍ശ ചെയ്തെന്ന ആരോപണവും ബത്ര ഉന്നയിക്കുകയായിരുന്നു.
ഹോക്കി ഇന്ത്യ സമര്‍പ്പിച്ച എഴ് കളിക്കാരെയും അര്‍ജുന അവാര്‍ഡിന് സമിതിപരിഗണിക്കാതിരുന്നതാണ് ബത്രയെ ചെടിപ്പിച്ചത്. ഹോക്കി ഇന്ത്യയുടെ മുന്‍ ജീവനക്കാരനായ അനുപം ഘുലാട്ടിയും പുരസ്കാര നിര്‍ണയ സമിതിയില്‍ ഉണ്ടായിരുന്നു.
എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷമായി ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയങ്ങളില്ലാത്തതിനാല്‍ ആരെയും അവാര്‍ഡിന് പരിഗണിക്കേണ്ടെന്ന് ഘുലാട്ടി സമിതിയോട് ശക്തിയായി ആവശ്യപ്പെടുകയായിരുന്നു. നരീന്ദര്‍ ബത്ര ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നും. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്താന്‍ ബത്ര ആരാണെന്നും സമിതിയുടെ അധ്യക്ഷനായ കപില്‍ ദേവ് ചോദിച്ചു.