നീന്താനറിയുന്ന പൂച്ചയുണ്ടോ?

WEBDUNIA|
മൂന്നാര്‍ ഒഴിപ്പിക്കലില്‍ വി എസ് മുഖ്യന്‍ നടത്തിയ വീരോചിത ഇടപെടല്‍ ആരും മറക്കില്ല. പലരും പറഞ്ഞു, മുഖ്യനായാല്‍ ഇങ്ങനെ വേണം.കൂട്ടത്തില്‍, മാധ്യമങ്ങള്‍ പലതും ‘സുരേഷ് ഗോപി ഇമേജ്’ എന്നൊക്കെപ്പറഞ്ഞ് ക്ഷീണിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും മുഖ്യന്‍ തളര്‍ന്നോ? ഇല്ല.

തളരാന്‍ പറ്റുമോ. ഒന്നിന് പകരം രണ്ട് ‘സുരേഷ് ഗോപീസ്’ കൂടെയുണ്ടല്ലോ, തളര്‍ന്നാലും പുറത്തുകാണിക്കാതെ അവര്‍ തകര്‍ത്തു വാരുന്നു. ഒഴിപ്പിക്കലിന്‍റെ തുടക്കത്തില്‍ മുഖ്യന്‍ പറഞ്ഞു ‘ഈ പൂച്ചകള്‍ക്ക് എലിയെ പിടിക്കാനറിയാം’. ക്ഷമിക്കണം താള നിബിദ്ധമായിട്ടായിരുന്നു ഈ പറച്ചില്‍(അതെങ്ങനെ എഴുതി ഫലിപ്പിക്കും!) ഇതെല്ലാം പറഞ്ഞുവരുന്നത് അനന്തപുരി രാജ്യത്തെ ചെറിയൊരു പ്രശ്നം ബോധിപ്പിക്കാനാണ്.

സ്മാര്‍ട്ട് സിറ്റി പൂ പോലെ പുഷ്പം പോലെ കരാറാക്കിയ ആളോട് (വല്യ ആളാണെന്നു പറഞ്ഞ കുഞ്ഞൂഞ്ഞച്ചായനു പോലും പറ്റാത്ത കാര്യം!)ഒരു നിസാര ചോദ്യം.നീന്താനറിയാവുന്ന പൂച്ചയുണ്ടോ? ദാ വരുന്നു ഉടനൊരു മറു ചോദ്യം, എന്തിന്?

മണ്‍സൂണ്‍ ആയില്ലേ മഹാശയാ. “കിഴക്കെകോട്ട കായലില്‍ ” വള്ളമിറങ്ങുന്നില്ല പോലും!ആ പൂച്ചയെ വെറുതെ അങ്ങ് വിട്ടാലും നീന്തട്ടെ.ജനങ്ങള്‍ കണ്ടു പഠിക്കട്ടെ ഈ നീന്തല്‍ വൈദഗ്ധ്യം. വള്ളമില്ലെങ്കിലും ഇവര്‍ സ്വയം പര്യാപ്തത നേടണ്ടേ!

ദാ വീണ്ടും മറുപടി.മുട്ടോളം വെള്ളമല്ലേ ഉള്ളൂ, പിന്നെന്താ? വെള്ളത്തിലിറങ്ങാനുള്ള മടികൊണ്ട് ഈ പാവം പറഞ്ഞു പോയതാണേ, മാപ്പാക്കണം. അല്ലെങ്കിലും ഈ മണ്ടന്‍ ഇങ്ങനാ, എന്തിനും മടി, ഓടയില്‍ നിന്നുള്ള ഈ തെളി നീരിന് എന്തായിത്ര കുഴപ്പം. ഇറങ്ങരുതോ, നീന്തരുതോ? കാറുപോയിട്ട് ഒരു സൈക്കിള്‍ പോലുമില്ലാത്തവന്‍റെ അഹങ്കാരമേ!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :