പി ജെ വിശ്വാസിയാണ്!

P.J. Joseph
FILEFILE
മധ്യ തിരുവിതാംകൂറിലെ ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ക്ക് കെട്ടുരുപ്പടി (കെട്ടുകാഴ്ച) ഒരു പ്രധാന ആകര്‍ഷണമാണ്. കരക്കാരുടെ വകയായിരിക്കും കെട്ടുരുപ്പടികള്‍. ഇവ കിലോമീറ്ററുകള്‍ അകലെ നിന്നായിരിക്കും ക്ഷേത്രത്തിലേക്ക് കൊണ്ടുവരിക. കെട്ടുരുപ്പടി എഴുന്നള്ളിക്കുന്നതിന് മുമ്പ് ഫലമറിയാന്‍ ഒരു തേങ്ങാ മുറിക്കും.

തേങ്ങ നടുവെ പ്രശ്നങ്ങളൊന്നുമില്ലാതെ മുറിഞ്ഞാല്‍ എല്ലാം കേമമാവും. പക്ഷേ മുറികള്‍ തമ്മില്‍ വലുപ്പ വ്യത്യാസമുണ്ടായാല്‍ കഥമാറും, ചിലപ്പോള്‍ രക്തച്ചൊരിച്ചില്‍ വരെയാവും ഫലമായി കാണുന്നത്. എന്താ ഇതൊക്കെ പറയാന്‍ എന്നാവും, കാരണമുണ്ടെന്ന് കൂട്ടിക്കോളൂ.

കേരള കോണ്‍ഗ്രസ്സിന്‍റെ കാര്യവും ഇതേ പോലെയാണത്രേ! ഇവിടെ തേങ്ങാ മുറിക്കുന്നതിന് പകരം മറ്റൊരു മാനദണ്ഡമാണ് ഫലമറിയാന്‍ സഹായിക്കുന്നത്- ആരെങ്കിലും മന്ത്രിയായോ എന്ന്!

മനസ്സിലായില്ലായിരിക്കും. എന്നാല്‍, കേട്ടോളൂ, മുന്‍പു പറഞ്ഞ തേങ്ങാ മുറിക്കല്‍പോലെയാണ് മന്ത്രിസ്ഥാനം നല്‍കല്‍. അതുകഴിഞ്ഞാലുടന്‍ ഫലമറിയാം.പാര്‍ട്ടി പിളരുക വരെ ചെയ്തേക്കാം.

ഇത് കേരള കോണ്‍ഗ്രസ്സിലെ ഒരു പഴമൊഴി കൂടിയാണ്. പാര്‍ട്ടിയുടെ സ്ഥിരം മന്ത്രി മാറി മറ്റാരെങ്കിലും ആ സ്ഥാനത്ത് ഇരിക്കട്ടെ. അടുത്ത ദിവസം (മാസങ്ങള്‍ വരെ ആവാം) പുത്തന്‍ മലയോര കോണ്‍ഗ്രസ്സ് ഉണ്ടാവുമത്രേ. മാമലകളിലെ വിശ്വാസമാണിത്, ആരും വിശ്വസിച്ചില്ലെങ്കിലും പരിഹസിക്കരുത്!

ഒരു പടികൂടി കടന്നാണ് ജോസഫിന്‍റെ നിലപാട്. വിശ്വസിക്കുകയും ചെയ്യും പരിഹസിക്കുകയുമില്ല. അതുകൊണ്ട് തന്നെ കുരുവിളയ്ക്ക് ശേഷം മറ്റൊരു മന്ത്രി വേണോ എന്ന് രണ്ടാമതും മൂന്നാമതും ജോസഫ് ചിന്തിക്കുന്നത്. ചിന്തിച്ചത് കൊണ്ട് വല്ല അന്തവും ഉണ്ടോ? ഇല്ല അതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ തീരുമാനം(തീരുമാനിപ്പിച്ചതോ) അനുസരിച്ച് വിമാന വിവാദം കഴിഞ്ഞ് മത്രിക്കസേരയില്‍ അമരാമെന്നങ്ങ് തീരുമാനിച്ചു.

പക്ഷേ, ചെന്നൈ പൊലീസ് വിടുന്ന ലക്ഷണം കാണുന്നില്ല. വിമാനത്തില്‍ എന്തെങ്കിലും നടന്നോ ഇല്ലയോ എന്ന് അറിയാന്‍ ഇനിയും വൈകും. -കുറ്റപത്രം താമസിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. പോരാത്തതിന് കേരളത്തിലെ അന്വേഷണം തുടരുകയും ചെയ്യുന്നു.

കിംഗ്ഫിഷര്‍ ബീര്‍ കഴിച്ചാല്‍ ഇത്ര പ്രശ്നമില്ല, പക്ഷേ ആ പേരിലുള്ള വിമാനത്തിലുള്ള യാത്ര പ്രതീക്ഷകളെല്ലാം ബീറുകുപ്പി തല്ലിപ്പൊട്ടിക്കും പോലെ തകര്‍ക്കുമെന്നാണ് മുന്‍ മന്ത്രിയുടെ അനുഭവം!

സീനിയോറിറ്റി അനുസരിച്ച് മറ്റൊരാള്‍ക്ക് മന്ത്രിസ്ഥാനം കൊടുക്കാമെന്ന് വച്ചാലോ? വിശ്വാസം, പഴമൊഴി എല്ലാം കൂടെ ജോസഫിന്‍റെ തലയില്‍ മൊത്തത്തില്‍ ഒരു കുഴമറിച്ചിലാണ്. ‘കൊടുത്താല്‍ കൊല്ലത്തും കിട്ടുമല്ലോ’: കൊടുക്കാതിരിക്കുകയാവും ഭേദം!

PRATHAPA CHANDRAN|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :