ചില തമിഴക രാഷ്ട്രീയ ഡ്രാമകള്‍

ദുര്‍ബല്‍ കുമാര്‍

WEBDUNIA|
അങ്ങനെ സസുഖം വാണരുളുമ്പോഴാണ് സിംഹള നാട്ടില്‍ ആകെ കലക്കം. പ്രഭാകരനൊപ്പം പണ്ട് കിളിമാസ് കളിച്ചിട്ടുണ്ടെന്ന് വെറുതെ വച്ച് കാച്ചിക്കൊടുത്തു. തെരഞ്ഞെടുപ്പ് കാലമല്ലേ? ലോകത്തിന്‍റെ മൊത്തം കേന്ദ്രം തമിഴ്‌നാട് ആണെന്ന് കരുതുന്നവരെ ഒന്ന് പാട്ടിലാക്കാന്‍ ശ്രമിച്ചതാ. പണിപാളിപ്പോയി. പണ്ടത്തേ പോലെയല്ലന്നേ. പറഞ്ഞാല്‍ പറഞ്ഞതാ. പിന്നീട് നിഷേധിക്കാനും നിരസിക്കാനുമൊന്നും പറ്റൂല.

ആകെ ചാണകത്തില്‍ ചവിട്ടിയതുപോലെയായി. മൊത്തം നാറി. കിട്ടാനിരുന്ന വോട്ടുകള്‍ അമ്മച്ചി കൊണ്ടു പോകുമോ എന്ന ഒരു ഭയം. വോട്ടുമറിയ്‌ക്കാന്‍ എന്തുപണി എന്ന് മച്ചില്‍ നോക്കി ആലോചിച്ചുനില്‍ക്കുമ്പോഴാണ്, ഒരു നിരാഹാര ചിന്ത വന്നത്. ഒപ്പം വടക്കുകിഴക്കായി പല്ലി ചിലച്ചതോടെ സംഗതി ഉറപ്പിച്ചു. പിന്നെ ഒക്കെ ബഹളമായി. ഓലവെട്ടുന്നു. പുരമേയുന്നു. എ സി ഫിറ്റുചെയ്യുന്നു. ഡണ്‍ലപ്പ് കിടക്ക അഞ്ചെണ്ണം വാങ്ങുന്നു. നീണ്ട് നിവര്‍ന്നു കിടക്കുന്നു. പ്രാണായാമം ചെയ്യുകയാണെന്ന ആര്‍ക്കും കണ്ടാല്‍ തോന്നൂ. യോഗസിദ്ധി അല്ലാതെന്ത് പറയാന്‍. ഇറ്റലിക്കാരി ഇതിനിടെ പത്തു തവണയെങ്കിലും വിളിച്ചിട്ടുണ്ട്. ആയമ്മയ്‌ക്കാകെ തളര്‍ച്ചയും തലകറക്കവുമാണ്.

ഒരു ഓളമുണ്ടാക്കണമെന്നേ കരുതിയുള്ളൂ. നമ്മളിതെത്ര കണ്ടതാണ്. ഏഴുമണിക്കു തുടങ്ങിയ നിരാഹാരം 12 മണിക്ക് നിര്‍ത്തി. പണ്ടും ഈ സമയത്തിനിടയ്ക്ക് അങ്ങനെ ആഹാരമൊന്നും കഴിക്കാറില്ല. അതിപ്പോള്‍ ഒന്നു പബ്ലിക് ആക്കി എന്നേയുള്ളൂ. എന്തായാലും നാലഞ്ചു മണിക്കൂര്‍ വെള്ളം കുടിക്കാതെ കുത്തിയിരുന്നതിന് ലോട്ടറിയടിച്ചു. താല്‍ക്കാലികമായി വെടി നിര്‍ത്താന്‍ ലങ്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അല്ലേലും അവര്‍ക്ക് പേടിയുണ്ട്. നാലുമണിക്കൂര്‍ കിടന്നപ്പോള്‍ ലങ്ക വെടിനിര്‍ത്തി. ഒരു ദിവസം മുഴുവനെങ്ങാന്‍ കിടന്നിരുന്നെങ്കില്‍, എല്‍ ടി ടി ഇയ്ക്ക് ഒരു രാജ്യവും അനുവദിച്ച് രാജപക്സെ അണ്ണന്‍ കീഴടങ്ങുമായിരുന്നു.

ഇനി അടുത്തയാഴ്‌ച വേറെ സിദ്ധി പ്രകടനമുണ്ട്, ഇന്ത്യന്‍ മഹാസമുദ്രത്തിന് കുറുകെ നീന്തല്‍, ഉള്ളില്‍ ഒന്നുമില്ലാത്തതിനാല്‍ താഴ്‌ന്നുപോകില്ല. വോട്ടുപിടിക്കാന്‍ എന്തൊക്കെ ചെയ്യണം?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :