പൊതുവില്‍ നല്ല വളക്കൂറുള്ള മണ്ണാണ് തമിഴകം. പ്രാദേശികതയ്ക്കും, ദ്രാവിഡ ഒരുമയ്ക്കും നല്ല വേരുറപ്പുണ്ടിവിടെ. ഒരു തവണ വിത്തിറക്കിയാല്‍ പിന്നെ ലാഭത്തോടു ലാഭം. പ്രത്യേകിച്ച് പണിയൊന്നും എടുക്കുകയും വേണ്ട. ജനതയുടെ പ്രധാന വിനോദം സിനിമയാണ്. പുരുഷന്റെ ഹൃദയത്തിലേക്കുള്ള വഴി അവന്റെ വയറിലൂടെയാണെന്ന് പറയുമ്പോലെ രാഷ്ട്രീയത്തിലേക്കുള്ള എളുപ്പവഴി സിനിമയാണ്.
തമിഴകത്തിന്റെ മുഖ്യനായാല് പല ഗുണമുണ്ട്. എന്നും ബാലഗുളിച്യാദി എണ്ണതേച്ച് കുളിക്കാം. ട്രാഫിക്കില്‍പ്പെടാതെ വേഗത്തിലെത്താം, പിന്നെ ഖജനാവിന്റെ ചുവരില്‍ ഇഷ്ടം പോലെ നഖക്ഷതം വീഴ്ത്താം. ആര് ചോദിക്കാനെന്നേ?
‘നാന് ആണെയിട്ടാല് അത് നടന്തുവിട്ടാന്‍ ഇന്ത ഏഴൈകള്’ എന്നത് കൂടെക്കൂടെ ഓര്‍മ്മിപ്പിച്ചാല്‍ മതി. തമിഴകം ആകെ ഹര്‍ഷബാഷ്പം ചൂടി വര്‍ഷ പഞ്ചമി വന്നതു പോലെയാകും. പൊലീസ് റെക്കോര്‍ഡു പ്രകാരം ആകെയുള്ള ശത്രു ഒരു പിടിയാനയാണ്. പണ്ട് ഒരു അര്‍ദ്ധ രാത്രിയിലാണ് പള്ളിയുറക്കത്തിനിടെ പിടിയാനയുടെ പൊലീസ് സംഘം പൊക്കിയെടുത്ത് കൊണ്ടു പോയത്. അന്നത്തെ സംഭവം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും പെരുവിരലില്‍ നിന്നൊരു വിറയലാണ്.
മുഖ്യനായാലും മക്കളെ മറക്കരുത്. മൂന്നെണ്ണത്തിനെ ഒരു കരയ്ക്കെത്തിക്കാന്‍ പെട്ട പാട് തനിക്കും അമ്മന്‍ തായ്ക്കും മാത്രമെ അറിയാവൂ. ഒരാളെ രാജ്യസഭയിലെയ്ക്ക് കയറ്റി വിട്ടു. പിന്നെ ഒരാളെ മന്ത്രിയാക്കി. പിന്നെയുള്ള മധുരവീരന് ഇക്കുറി ഒന്ന് വിളയാടാന്‍ ഇറങ്ങി തിരിച്ചിട്ടുണ്ട്. ‘വിളയാട് ഇത് നേരമാ കണ്ണാ’ എന്ന ഭക്തിഗാനമേളയോടെയായിരുന്നു പ്രചാരണത്തിന്റെ തുടക്കം.