ഒട്ടകം കാത്തിരിക്കുന്നു, സ്ഥലം കൊടുക്കുമോ?

വസന്തകുമാരന്‍

WEBDUNIA|
PRO
PRO
കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ പലരുടെയും മോഹങ്ങള്‍ തട്ടിവീണ് പൊട്ടിത്തകരുന്ന ഒച്ചകള്‍ മാത്രമാണ് കേള്‍ക്കാന്‍ സാധിക്കുക. കുന്നോളം മോഹിച്ചിട്ടും കുരുന്നോളം പോലും കിട്ടാത്ത കിങ്ങിണി കുഞ്ഞന്റെ നിലവിളികള്‍ സുരാജ് വെഞ്ഞാറുമ്മൂടന്‍ പറഞ്ഞാല്‍ “പെറ്റ തള്ള സഹിക്കില്ല”!

കേരള രാഷ്ട്രീയത്തിലെ "വിരമിച്ച ഭീഷ്മാചാര്യന്‍" വിചാരിച്ചാലും മകന്‍ മുരളി സാറിനെ രക്ഷിച്ചെടുക്കാന്‍ പറ്റില്ല എന്നാണ് കവിടിനിരത്തല്‍ തൊഴിലാളികള്‍ നിരീക്ഷിക്കുന്നത്. എന്നാല്‍ വിദേശിയായ ഒരു വനിതയും സ്വജാതിയല്ലെങ്കിലും ഇരുന്ന മന്ത്രിക്കസേരയ്ക്കുള്ള കൂറ് കാണിക്കാന്‍ ആഗ്രമുള്ള ഒരാളും വിചാരിച്ചാല്‍ “ശിലയും അലിഞ്ഞേക്കാം“ എന്നും ഇവര്‍ രാശിപ്പലകയില്‍ ഒഴിവുകാണുന്നു.

ഉമ്മന്‍ കോണ്‍ഗ്രസ് എന്ന് വിളിച്ചാക്ഷേപിച്ച് കൊള്ളരുതാത്ത ആ ചിരിയും ചിരിച്ച് നടക്കുമ്പോള്‍ “ജാതി“ കോണ്‍ഗ്രസ് എന്ന് വിളിച്ച് ആക്ഷേപിക്കാഞ്ഞത് കാര്യമായി. അല്ലെങ്കില്‍ വീണ്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആവാം എന്ന വെറും സ്വപ്നം പോലും കാണാന്‍ കഴിയാത്ത അവസ്ഥയിലായേനെ. എന്തായാലും, ഒരു കാര്യത്തിലും ഏകാഭിപ്രായം ഇല്ലാത്തവരല്ല ഞങ്ങള്‍ എന്ന് മുരളീധരനെ വേണ്ട എന്ന് ഒറ്റസ്വരത്തില്‍ പറഞ്ഞ് പാര്‍ട്ടി തെളിയിച്ചു.

ഒന്നിനും കൊള്ളാത്ത പുണ്ണാക്കന്‍, കണ്ടവര് കണ്ടവര് പറ്റിച്ച് വലിച്ചെറിയുന്ന ഭാഗ്യ ദോഷി എന്നിങ്ങനെ ഒടപ്പിറന്നോളു പോലും കുറ്റപ്പെടുത്തുമ്പോള്‍ ആരെങ്കിലും പിന്നെ മൈന്‍ഡ് ചെയ്യുമോ? അതും‌പോരാഞ്ഞ്, ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോറ്റപ്പോഴത്തെ ഉശിരു പോലും പാര്‍ട്ടിയില്‍ തിരിച്ചെടുക്കില്ല എന്ന് പറഞ്ഞപ്പോള്‍ ഈ ചാണക്യപുത്രന്‍ പ്രദര്‍ശിപ്പിക്കാഞ്ഞത് കഷ്ടമായിപ്പോയി.

തെരഞ്ഞെടുപ്പില്‍ തോറ്റ് വയനാടന്‍ ചുരമിറങ്ങുമ്പോള്‍ എന്തായിരുന്നു ആ രാജകല! രാജ്യത്തെ തെരഞ്ഞെടുപ്പ് എല്ലാം അങ്ങ് അവസാനിച്ചോ? ഇനി എത്ര തെരഞ്ഞെടുപ്പ് വരാന്‍ കിടക്കുന്നു. ഇതെന്താ ലോകാവസാനമാണോ? എന്നൊക്കെയായിരുന്നു മുരളി സിംഹം തോറ്റമ്പിയപ്പോള്‍ മാധ്യമക്കാരോട് ഗര്‍ജ്ജിച്ചത്. തള്ളേ, ആ രംഗങ്ങളൊക്കെ ആലോചിച്ചാല്‍ ഇപ്പോഴും കുളിര് കോരുന്നു!

ആ ഗര്‍ജ്ജിക്കുന്ന സിംഹത്തിന്റെ പല്ലുകളൊക്കെ റിട്ടയര്‍ ചെയ്ത് തുടങ്ങിയോ ആവോ. താന്‍ കെട്ടിപ്പൊക്കിയ ആസ്ഥാനത്ത് ഇരുന്ന് ഇനിമേലാല്‍ തന്നെ ആ പടി ചവിട്ടിക്കില്ല എന്ന് പിതാവിന്റെ പണ്ടത്തെ മാനസപുത്രന്‍ വെല്ലു വിളിക്കുമ്പോഴും മുരളി സാറിന്റെ ശൌര്യം തിരിച്ച് വരുന്നില്ലല്ലോ? “ഞാന്‍ കാത്തിരിക്കാം......നീ പറയുവോളം“ എന്ന മറുപടി ശൌരികള്‍ക്ക് യോജിച്ചതാണോ. എന്തായാലും ഇത്രയുമായി, ഇനി പണ്ടു താനിരുന്ന കസേരയും വേണ്ട സാധാരണ പ്രവര്‍ത്തകനായി അനുവദിച്ചാല്‍ മതിയെന്നാണ് മുരളിസാറിന്റെ ആവശ്യം.

പക്ഷേ, “ഇല്ലത്തൂന്ന് ഇറങ്ങുകയും ചെയ്തു പക്ഷേ ഇന്ദിരാഭവനില്‍ ഒട്ടു കേറ്റുകയുമില്ല“ എന്ന അവസ്ഥയിലാണ് മുരളി സാറ്. പണ്ട് സാറു തന്നെ പറഞ്ഞപോലെ ഭാര്യാ ഗൃഹത്തില്‍ സ്വത്ത് ഉള്ളതു കൊണ്ട് കഞ്ഞികുടി മുട്ടില്ലായിരിക്കും. ഇതുതന്നെയാവും ഇദ്ദേഹത്തെ ഇന്ദിരാഭവന്റെ പടിചവിട്ടിക്കില്ല എന്ന് ചിലര്‍ വാശിപിടിക്കുന്നതിനു കാരണം - കെപിസിസി പ്രസിഡന്റിനും കഞ്ഞി കുടിക്കണ്ടേ! പണ്ട് ഒട്ടകത്തിന് സ്ഥലം കൊടുത്ത കഥ ഇന്ദിരാജിക്കൊപ്പം ഡല്‍ഹിയില്‍ കറങ്ങുമ്പോള്‍ ആ രമേശ് സാറും കേട്ടു കാണും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :