സദാചാരപ്പൊലീസിന് പൈസയും മാനവും പോയി!

Hindu Munnani
WEBDUNIA|
PRO
PRO
പ്രണയദിനത്തില്‍ സദാചാരപ്പൊലീസ് ചമയാന്‍ ശ്രമിച്ച ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ക്ക് പണവും മാനവും പോയി. പ്രണയിക്കുന്നവരെ കണ്ടുപിടിച്ച് കല്യാണം കഴിപ്പിക്കും എന്ന് വീരവാദം മുഴക്കിയ ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ക്കാണ് പ്രണയദിനത്തില്‍ ഈ ഗതികേട് ഉണ്ടായത്. പോണ്ടിച്ചേരിയിലെ ഭാരതി പാര്‍ക്കിലാണ് രസകരമായ ഈ സംഭവം അരങ്ങേറിയത്.

പ്രണയദിനമായ ചൊവ്വാഴ്ച ‘വാലന്റൈന്‍ വിരുദ്ധ’ മുദ്രാവാക്യങ്ങളും വിളിച്ചുകൊണ്ട് ഹിന്ദു മുന്നണി പ്രവര്‍ത്തകരായ ഒന്‍‌പതുപേര്‍ ഭാരതി പാര്‍ക്കിലേക്ക് ഓടിക്കയറുകയായിരുന്നു. പ്രശ്നം ഗുരുതരമാവും എന്നറിഞ്ഞയുടന്‍ പാര്‍ക്കില്‍ സൊള്ളിക്കൊണ്ടിരുന്ന പ്രണയജോടികള്‍ സ്ഥലം കാലിയാക്കി. എന്നാല്‍, ഇതൊന്നും അറിയാതെ ഒരു ബെഞ്ചിലിരുന്ന് ഹൃദയങ്ങള്‍ കൈമാറുകയായിരുന്നു വടിവേലുവും ഉമാമഹേശ്വരിയും.

ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ അടുത്തെത്തിയപ്പോഴാണ് തങ്ങള്‍ കുടുങ്ങിയെന്ന് ഇവര്‍ക്ക് മനസിലായത്. ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ കയ്യില്‍ കരുതിയിരുന്ന മഞ്ഞച്ചരട് അവര്‍ക്ക് നേരെ നീട്ടി ഉടനടി താലികെട്ടാന്‍ ആവശ്യപ്പെടുകയായിരുന്നു. യാതൊരു പ്രതിഷേധവും കൂടാതെ ഉമാ മഹേശ്വരിയുടെ കഴുത്തില്‍ വടിവേലു മഞ്ഞച്ചരട് കെട്ടി. ഇതിനിടെ, മാധ്യമ പ്രവര്‍ത്തകരും ‘സംഭവം’ റിപ്പോര്‍ട്ടുചെയ്യാന്‍ ഓടിയെത്തി.

ഒരു പ്രതിഷേധവും ഇല്ലാതെ ചിരിച്ച മുഖത്തോടെ പ്രണയ മിഥുനങ്ങള്‍ കല്യാണം കഴിച്ചതോടെ ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ മാധ്യമങ്ങളുടെ ക്യാമറക്കണ്ണിന് മുന്നില്‍ മുഖം രക്ഷിക്കാനുള്ള ശ്രമത്തിലായി. അവരിലൊരാള്‍ കയ്യിലുണ്ടായിരുന്ന ആയിരം രൂപാ ‘നവദമ്പതി’കള്‍ക്ക് സമ്മാനിച്ചു. മറ്റൊരു പ്രവര്‍ത്തകന്‍ ‘മൊയ്’ (കല്യാണം കൂടുന്നവര്‍ തീര്‍ച്ചയായും കൊടുക്കേണ്ട പൈസയാണിത്) ആയി 501 രൂപയും കൊടുത്തു.

വാലന്റൈന്‍ വിരുദ്ധ സമരം വിജയിപ്പിച്ചതിന്റെ ആഹ്ലാദത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ നിന്ന് ഇന്ത്യന്‍ സദാചാരത്തെയും പാരമ്പര്യത്തെയും പറ്റി ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ പ്രസംഗിക്കുന്നതിനിടെ വടിവേലു ബൈക്ക് സ്റ്റാര്‍ട്ടാക്കി. ഉമ മഹേശ്വരി അതില്‍ കയറിയിരിക്കുകയും ചെയ്തു.

ഇരുവരും പാര്‍ക്കില്‍ നിന്ന് നവദമ്പതികളായി പുറത്തുപോകുന്ന സന്തോഷകരമായ കാഴ്ച ഒപ്പിയെടുത്തുകൊണ്ടിരുന്ന ക്യാമറക്കണ്ണുകള്‍ പിന്നെ കണ്ടത് ഗേറ്റിനടുത്തെത്തിയപ്പോള്‍ മഞ്ഞച്ചരട് വലിച്ചുപറിച്ച് താഴേക്ക് എറിഞ്ഞുകളയുന്ന ഉമാ മഹേശ്വരിയെയാണ്. കയ്യിലുണ്ടായിരുന്ന പണവും മാനവും പോയി എന്ന വിഷമത്തോടെ നിന്ന ഹിന്ദു മുന്നണി പ്രവര്‍ത്തകരെ ‘നിര്‍ബന്ധിത വിവാഹ’ത്തിന് നിര്‍ബന്ധിച്ചതിനെ പേരില്‍ സംഭവസ്ഥലത്തെതിയ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു എന്ന് പറഞ്ഞാല്‍ മതിയല്ലോ!

പാര്‍ക്കില്‍ വന്നതിന് ദൈവത്തിന് നന്ദി പറയുകയായിരിക്കും വടിവേലുവും ഉമാ മഹേശ്വരിയും. കാരണം, ഒരു ചെലവും ഇല്ലാതെ ഗംഭീര മാധ്യമ കവറേജാണ് ഇവര്‍ക്ക് ലഭിച്ചത്. വീട്ടിലിനി പ്രണയക്കാര്യം അവതരിപ്പിക്കേണ്ടതില്ല എന്ന് ഉറപ്പ്! പ്രണയം നാടാകെ പാട്ടായല്ലോ. പുറമെ കൈച്ചിലവിന് 1501 രൂപ ലഭിക്കുകയും ചെയ്തു! ആനന്ദലബ്ധിക്കിനി എന്തുവേണം?

(ചിത്രത്തിന് കടപ്പാട് - ദിനമലര്‍)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :