എറണാകുളം മഹാരാജാസ് കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥി സംഗമമായ 'മഹാരാജകീയ'ത്തില്‍ മമ്മൂട്ടി തന്റെ കോളജ് ഡേയ്സ് ഓര്മിച്ചെടുക്കാന് ശ്രമിച്ചത് ഏറെ കൌതുകകരമായി. ‘സുന്ദരികളായ പെണ്‍കുട്ടികളുടെ സാന്നിദ്ധ്യമാണ് എന്നെ ഈ കലാലയത്തിലേക്ക് നയിച്ചത്’ എന്ന് തുറന്നടിച്ചുകൊണ്ടാണ് മമ്മൂട്ടി സദസ്സിനെ കയ്യിലെടുത്തത്.
മെഹ്റു എന്ന സീനിയര്‍ വിദ്യാര്‍ത്ഥിനിക്ക് താന്‍ പണ്ട് എഴുതിക്കൊടുത്ത പ്രണയാതുരമായ ഓട്ടോഗ്രാഫ് സദസിന് മുന്നില്‍ വായിച്ചപ്പോള്‍ കേട്ടുനിന്നവര്‍ കയ്യടിയോ കയ്യടി. മഹാരാജാസില്‍ തന്റെ സീനിയറായി പഠിച്ച പെണ്‍കുട്ടിയായിരുന്നു മെഹ്റുവെന്ന് മമ്മൂട്ടി ഓര്‍ത്തെടുത്തു.
"മെഹ്റു..., സൗന്ദര്യം അവിടെ ഉടലെടുക്കുന്നു. ചുവന്ന മുഖത്ത് ദേഷ്യം. മെഹ്റു വളരെ സുന്ദരിയായിരിക്കുന്നു. താഴെ കാണുന്നതാണ് എന്റെ വിലാസം. വിവാഹം ക്ഷണിക്കണം. സമ്മാനമായി നല്കാന് എന്റെ കൈയില്‍ ഒന്നുമില്ല, മാപ്പ്...." എന്നായിരുന്നു മെഹ്റുവിന്റെ ഓട്ടോഗ്രാഫില്‍ മമ്മൂട്ടി എഴുതിയിരുന്നത്.
സത്യത്തില്‍ സദസ്യര്‍ അമ്പരന്ന് പോയത് ‘ഓട്ടോഗ്രാഫ്’ കഥയിലെ നായികയും മഹാരാജകീയത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു എന്നറിഞ്ഞപ്പോഴാണ്. മമ്മൂട്ടി ഈ ഓട്ടോഗ്രാഫ് വായിച്ചുകഴിഞ്ഞയുടന്‍ മെഹ്റു സ്റ്റേജില്‍ എത്തണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്ന് മെഹര്‍ വേദിയിലെത്തി തടിച്ചുകൂടിയ സൗഹൃദക്കൂട്ടം വന്‍ ആരവത്തോടെയാണ് സമാഗമത്തെ വരവേറ്റത്.
അത്ഭുതത്തോടെ മെഹ്റുവിനെ നോക്കി മമ്മൂട്ടി ഉറക്കെത്തന്നെ ചോദിച്ചു, ‘പഴയ മുഖമല്ലല്ലോ, ആകെ മാറിപ്പോയല്ലോ!’ ദേഷ്യപ്പെടുമ്പോള്‍ മുഖം ചുവക്കുന്ന ‘സുന്ദരിക്കുട്ടി’ മുന്നിലെത്തിയപ്പോള്‍ മമ്മൂട്ടി പഴയ മുഹമ്മദുകുട്ടിയായതും സദസ്സിനെ രസിപ്പിച്ചു.
ആലുവ യുസി കോളജ് മൗണ്ട് ഹാര്‍ബറിലാണ് മെഹ്റു ഇപ്പോള്‍ താമസിക്കുന്നത്. 1969 - 1972 കാലഘട്ടത്തില്‍ മഹാരാജാസില്‍ മെഹ്റു ചരിത്ര വിദ്യാര്‍ഥിയായിരുന്നു. മഹാരാജാസില്‍ തന്നെ പഠിച്ച വിദ്യാര്‍ഥിയായിരുന്ന മൊയ്തീനാണ് ഭര്‍ത്താവ്. കൊച്ചി കോര്‍പ്പറേഷനില്‍ ജീവനക്കാരിയായി ജോലി നോക്കിയിരുന്ന മെഹ്റുവിപ്പോള് റിട്ടയര്‍ ജീവിതം നയിക്കുന്നു.
അടുത്ത പേജില്‍ വായിക്കുക “മമ്മൂട്ടി മാത്രമോ, അപ്പോള്‍ വയലാര്‍ രവി?”