കൊലപാതകത്തേക്കാള്‍ മാനക്കേട് പ്രണയം!

നിത്യ അശോക്

WEBDUNIA|
PRO
എല്ലാ പ്രണയബന്ധങ്ങളും വീട്ടുകാരുടെയും ബന്ധുക്കളുടെയും ആശീര്‍വാദത്തോടെ വിവാഹത്തിലേക്കെത്തുന്നില്ല. ‘പ്രണയം’ എന്ന് പറയുമ്പോള്‍ തന്നെ ഒളിഞ്ഞിരിക്കുന്ന ഒരു റിസ്ക് അതില്‍ കണ്ടെത്താം. എന്നാല്‍ അതിലെ റിസ്ക് ഒരു ത്രില്ലായി എടുത്ത്, വീട്ടുകാരെയും നാട്ടുകാരെയും എതിര്‍ത്ത് വിവാഹം കഴിക്കുകയും സന്തോഷത്തോടെ ജീവിതം നയിക്കുകയും ചെയ്യുന്ന യുവമിഥുനങ്ങളെ സാധാരണയായി കാണുന്നതുമാണ്.

പക്ഷേ, ഇപ്പോള്‍ പ്രണയിക്കാന്‍ ഭയപ്പെടുന്നവരായി പുതിയ തലമുറ മാറുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയാകെ പടര്‍ന്നുപിടിക്കുന്ന അഭിമാനക്കൊലപാതകം എന്ന രോഗമാണത്രേ പ്രണയത്തില്‍ നിന്ന് യുവത്വത്തെ പിന്തിരിപ്പിക്കുന്നത്. ‘പ്രണയബന്ധം വീട്ടിലറിഞ്ഞാല്‍ അവര്‍ കൊല്ലാനും മടിക്കില്ല’ എന്ന് പണ്ട് നിസാരമായി പറഞ്ഞിരുന്നതാണെങ്കില്‍, ഇന്ന് അതാണ് സ്ഥിതി. പ്രണയിക്കുന്നത് സ്വന്തം മകനോ മകളോ ആരായാലും കൊലപ്പെടുത്തുക, പ്രണയം മൂലം കുടുംബത്തിനുണ്ടാകുന്ന മാനക്കേട് ഒഴിവാക്കുക എന്നായിരിക്കുന്നു ഇന്ന് സമൂഹത്തിന്‍റെ ചിന്ത.

‘അഭിമാനക്കൊലപാതകം’ എന്ന പേരിലാണ് ഇത്തരം കുറ്റകൃത്യങ്ങളെ വിശേഷിപ്പിക്കുന്നത്. അഭിമാനം നിലനിര്‍ത്താന്‍ വേണ്ടി കൊലപാതകം!. അപ്പോള്‍ കൊല ചെയ്യുന്നത് ഒരു മാനക്കേടല്ലാതായി മാറുന്നു. ഏറ്റവും വലിയ കുഴപ്പം പ്രണയബന്ധങ്ങളും അതില്‍ നിന്ന് ഉണ്ടായേക്കാവുന്ന ചീത്തപ്പേരുമാണെന്നു വരുന്നു.

ഡല്‍ഹി, ബീഹാര്‍, ചെന്നൈ, മുംബൈ തുടങ്ങി കേരളത്തില്‍ നിന്നു വരെ അഭിമാനക്കൊലപാതകത്തിന്‍റേതായ റിപ്പോര്‍ട്ടുകള്‍ വരുന്നു. ഇത്തരം കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കാനും നടപടികളെടുക്കാനും മന്ത്രിസഭാ സമിതി വരെയുണ്ടാക്കന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരിക്കുന്നു. എന്നാല്‍, റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന സംഭവങ്ങളേക്കാള്‍ എത്രയോ അധികം കൊലപാതകങ്ങളും അക്രമങ്ങളും ഇപ്പോഴും രാജ്യമാകെ അരങ്ങേറുന്നു.

സമുദായത്തിനും കുടുംബത്തിനും മാനക്കേടുണ്ടാക്കുന്ന കമിതാക്കളെ ഇല്ലായ്മ ചെയ്യുന്ന ഉത്തരേന്ത്യന്‍ കാടത്തം ദക്ഷിണേന്ത്യയിലേക്കും പടര്‍ന്നു പിടിക്കുന്നതിനാണ് നാം സാക്‍ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഒന്നിച്ചുജീവിക്കാന്‍ കൊതിച്ച് വിവാഹം കഴിച്ച യുവാവും യുവതിയും അഭിമാനക്കൊല പേടിച്ച് കോടതിയെ അഭയം പ്രാപിച്ച സംഭവം തമിഴ്നാട്ടില്‍ നിന്നാണ് റിപ്പോര്‍ട്ടുചെയ്തത്. ആത്മഹത്യയെന്നും അജ്ഞാത മൃതദേഹമെന്നും തലക്കെട്ടുകളുമായി വരുന്ന പല വാര്‍ത്തകള്‍ക്കും പിന്നില്‍ അഭിമാനക്കൊലപാതകം ഒളിഞ്ഞിരിക്കുന്നുണ്ടെന്നതാണ് സത്യം.

ഒരു യുവാവും യുവതിയും സ്നേഹിച്ചു വിവാഹം കഴിക്കുന്നതോടെ എന്തോ വലിയ തെറ്റ് സംഭവിച്ചു എന്ന് കുടുംബാംഗങ്ങളും സമൂഹവും വിധിയെഴുതുന്നിടത്താണ് അഭിമാനക്കൊലയുടെ ഉദയം. കൊലപാതകമാണ് പ്രണയത്തേക്കാള്‍ വലിയ തെറ്റെന്ന് ഇവര്‍ മനസിലാക്കുന്നില്ല. മരണങ്ങള്‍ എന്നും നഷ്ടം മാത്രമേ ഉണ്ടാക്കുന്നുള്ളൂ. അതുകൊണ്ട് ഒരു മാനക്കേടും മാഞ്ഞുപോകുന്നില്ല.

അഭിമാനക്കൊലപാതകങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ ശക്തമായി ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. സമൂഹത്തെ ബോധവത്കരിക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്. പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണായി ആയുധമെടുക്കുന്നത് ഇന്ത്യന്‍ സംസ്കാരത്തിന് യോജിച്ചതല്ല. പ്രണയബന്ധങ്ങളെ നേരിടേണ്ടത് കൊലപാതകത്തിലൂടെയുമല്ല. അഭിമാനക്കൊലപാതകത്തിലൂടെ ആരുടെ മാനവും സംരക്ഷിക്കപ്പെടുന്നില്ല എന്ന സത്യം ബോധ്യപ്പെടുത്താന്‍ സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :